ന്യൂഡൽഹി: കേരളത്തിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ . കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് പാർലമെന്റിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് മറുപടി നൽകിയത് . എയിംസിനായി ഭൂമി ഏറ്റെടുക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി
കേരളത്തിൽ എയിംസിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. കേരളത്തിൽ എയിംസ് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പറഞ്ഞിരുന്നു. അതേസമയം, എയിംസ് വരുമോ എന്ന ആശങ്ക ഉയരുന്ന തരത്തിലാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള പ്രതികരണം .
അതേസമയം, കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെ ചോദ്യം ചെയ്യുന്ന ഹർജി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ വീണ്ടും സമയം തേടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോൾ മാത്രം കേരളത്തെ ഒഴിവാക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ വ്യക്തമാക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
എന്നാൽ, സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ ധനമന്ത്രാലയത്തിൽ നിന്ന് ആവശ്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, സത്യവാങ്മൂലത്തിന്റെ രൂപത്തിൽ മറുപടി സമർപ്പിക്കാൻ കേന്ദ്രത്തിന് ഏപ്രിൽ 10 വരെ സമയം അനുവദിച്ചു.

