മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന് 18 റൺസ് ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ബംഗലൂരു 20 ഓവറിൽ 4ന് 240 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ മുംബൈയുടെ പോരാട്ടം 5ന് 222ൽ അവസാനിച്ചു.
ഓപ്പണിംഗ് വിക്കറ്റിൽ ഫിൽ സാൾട്ടും വിരാട് കോഹ്ലിയും ചേർന്ന് 11 ഓവറിൽ കൂട്ടിച്ചേർത്ത 120 റൺസ് ബംഗലൂരുവിന്റെ വിജയത്തിന് അടിത്തറ പാകി. സാൾട്ട് 36 പന്തിൽ ആറ് വീതം ഫോറുകളുടെയും സിക്സുകളുടെയും അകമ്പടിയോടെ 78 റൺസ് അടിച്ചുകൂട്ടി. കോഹ്ലി 38 പന്തിൽ 50 റൺസ് നേടി. പ്രതീക്ഷിച്ച വേഗതയിൽ കളിക്കാൻ സാധിക്കാത്തതിന്റെ നിരാശ കോഹ്ലിയിൽ പ്രകടമായിരുന്നു. അതേസമയം തകർപ്പൻ ഫോം തുടരുന്ന ക്യാപ്ടൻ രജത് പാട്ടിദാർ 20 പന്തിൽ 53 റൺസ് നേടി ഇന്നിംഗ്സിന്റെ ഗതിവേഗം കാത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡ് 16 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്നു.
ബൂമ്ര ഫോമിലേക്കുയർന്ന് വിക്കറ്റ് വീഴ്ത്താത്തത് മുംബൈക്ക് തിരിച്ചടിയായി തുടരുകയാണ്. മുംബൈക്ക് വേണ്ടി ട്രെന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, സാന്റ്നർ, ശാർദുൽ ഠാക്കൂർ തുടങ്ങിയവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ മുംബൈക്ക് വേണ്ടി റയാൻ റിക്കിൾട്ടണും രോഹിത് ശർമ്മയും മികച്ച തുടക്കം നൽകിയെങ്കിലും, വ്യക്തിഗത സ്കോർ 19ൽ നിൽക്കെ രോഹിത് അനാരോഗ്യത്തെ തുടർന്ന് ഗ്രൗണ്ട് വിട്ടത് അവർക്ക് തിരിച്ചടിയായി. റിക്കിൾട്ടൺ 37 റൺസും സൂര്യകുമാർ യാദവ് 33 റൺസും ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ 40 റൺസും നേടി. കൂറ്റൻ അടികളിലൂടെ 31 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്ന ഷെർഫെയ്ൻ റൂഥർഫോർഡ് മുംബൈക്ക് പ്രതീക്ഷ നൽകിയെങ്കിലും, റൺ മല മറികടക്കാൻ അത് തികയുമായിരുന്നില്ല. ബംഗലൂരുവിന് വേണ്ടി സുയാഷ് ശർമ്മ 2 വിക്കറ്റ് വീഴ്ത്തി.

