പത്തൊൻപത് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2007ൽ യുഎന്നിലൂടെ പ്രശസ്തമായ ഒരു ചിത്രമുണ്ട്. ലോക ഫുട്ബോളിലെ ഇതിഹാസ താരത്തിലേക്കുള്ള വളർച്ചയുടെ ആദ്യ നാളുകളിൽ, ലയണൽ മെസി പങ്കെടുത്ത ഒരു ചാരിറ്റി ഫോട്ടോഷൂട്ടിന്റെ ഭാഗമായി പിറന്ന ഒരു ചിത്രം. യുനിസെഫിന് വേണ്ടി സംഘടിപ്പിക്കപ്പെട്ട ആ ഫോട്ടോ ഷൂട്ടിൽ, ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ പ്ലാസ്റ്റിക് ടബിൽ വെച്ച് കുളിപ്പിക്കുന്ന ഇരുപതുകാരനായ മെസിയെ പകർത്തിയത് ജൊവാൻ മോൻഫോർട്ട് എന്ന പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്.
അന്ന് മെസ്സിയുടെ കൈകളിൽ ഇരുന്ന് അദ്ദേഹത്തിന്റെ ലാളനകൾ ഏറ്റുവാങ്ങി ശ്രദ്ധ നേടിയ ആ കുഞ്ഞ് ഇന്ന് വളർന്ന് വലുതായി മെസിയെപ്പോലെ തന്നെ ലോകം അറിയുന്ന ഒരു കാൽപ്പന്തുകളിക്കാരനായി മാറിയിരിക്കുന്നു. ലോകകിരീടം നിലനിർത്താൻ മെസ്സിയും സംഘവും, ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടുമ്പോൾ, അതേ കിരീടം മെസ്സിയിൽ നിന്നും പിടിച്ചെടുക്കാൻ പോരാടുന്ന സ്പാനിഷ് പടയുടെ അമരത്ത് അവനുണ്ടാകും. വർത്തമാനകാല ഫുട്ബോളിലെ യുവരാജാവ് എന്ന വിശേഷണമുള്ളവൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കിലിയൻ എംബാപ്പെയുടെയും ലോകകപ്പ് സ്വപ്നങ്ങളെ നിഷ്പ്രഭമാക്കി സ്പാനിഷ് പടയെ കലാശപ്പോരിന് യോഗ്യനാക്കിയവൻ. അവനാണ്, ലമീൻ യമാൽ.
ഡിയാറിയോ സ്പോർട്ട് സംഘടിപ്പിച്ച ചാരിറ്റി കലണ്ടർ ഫോട്ടോഷൂട്ടിൽ യാദൃശ്ചികമായിട്ടാണ് കുഞ്ഞ് യമാലിന് മെസിക്കൊപ്പം പോസ് ചെയ്യാൻ അവസരം ലഭിച്ചത്. ചെറിയ പ്ലാസ്റ്റിക് ടബിൽ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം കുളിപ്പിക്കുന്ന മെസിയുടെ ചിത്രം അന്ന് വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. അന്ന് ക്യാമറയിൽ പതിഞ്ഞ നിഷ്കളങ്കമായ ആ ചിത്രം, ഇന്ന് ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്ന ഐക്കോണിക് ആയ ഒരു നിമിഷമായി മാറി എന്നത് കാലം കാത്തുവെച്ച വിസ്മയം.
അന്ന് സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ അടുത്ത സൂപ്പർതാരം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മെസ്സി, പിൽക്കാലത്ത് അവരുടെ ചരിത്രം നിർണ്ണയിച്ച ഇതിഹാസ താരമായി വളർന്നു. ഇന്ന് ബാഴ്സലോണയുടെ അടുത്ത സൂപ്പർതാരം എന്ന വിശേഷണം അലങ്കാരമായിരിക്കുന്നത് ലമീൻ യമാലിനാണ് എന്നതും മറ്റൊരു മനോഹരമായ യാദൃശ്ചികതയാണ്.
ലമീൻ യമാലിന്റെ പിതാവ് മുനീർ നസ്രൂയി കഴിഞ്ഞ വർഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ്, വിഖ്യാതമായ ആ ചിത്രവും അതിന്റെ ചരിത്രവും വർത്തമാനകാല പ്രസക്തമാകുന്നത്. രണ്ട് ഇതിഹാസങ്ങളുടെ പിറവി എന്നായിരുന്നു ചിത്രത്തിന് അദ്ദേഹം നൽകിയ തലക്കെട്ട്. ഇന്ന് ചരിത്രത്തിൽ ആദ്യമായി അവർ ഇരുവരും ഒരേ കിരീടത്തിനായി നേർക്കുനേർ പോരാടുന്നു. കാലം കാത്തുവെച്ച നിയോഗം എത്ര കാവ്യാത്മകം..!!
2010ന് ശേഷമുള്ള സ്പെയിനിന്റെ ആദ്യ ലോകകപ്പ് ഫൈനൽ പ്രവേശനമാണ് ഇത്തവണത്തേത്. യമാൽ തന്റെ പത്തൊൻപതാം പിറന്നാൾ ആഘോഷിച്ചത് ഫ്രാൻസിനെതിരായ സ്പെയിനിന്റെ ഏകപക്ഷീയമായ രണ്ട് ഗോൾ സെമി ഫൈനൽ വിജയത്തോടെയാണ്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം എൻസോ ഫെർണാണ്ടസിന്റെയും ലൗട്ടാരോ മാർട്ടിനെസിന്റെയും അവസാന ഘട്ടത്തിലെ ഗോളുകളിലൂടെ ഇംഗ്ലണ്ടിനെ തകർത്താണ് അർജന്റീനയുടെ വരവ്. ഇതിൽ മെസിയുടെ പങ്ക് നിർണായകമായിരുന്നു.
മെസിക്കൊപ്പമുള്ള തന്റെ ശൈശവകാല ചിത്രത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, യമാൽ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. അതിന് ശേഷം ഞാനും ലിയോയും കുറച്ച് കൂടി വളർന്നു, അദ്ദേഹത്തെ ലോകകപ്പ് ഫൈനലിൽ നേരിടുന്നത് സന്തോഷകരവും അഭിമാനകരവുമാണെന്നായിരുന്നു യമാലിന്റെ പ്രതികരണം.
യമാലിന്റെ ആഗ്രഹം ഇതാ സഫലമായിരിക്കുകയാണ്. തന്റെ ഐതിഹാസികമായ കരിയറിൽ ഒരു പക്ഷേ അർജന്റീനക്ക് വേണ്ടി മെസി കളിക്കുന്ന അവസാന മത്സരമായിരിക്കും ഈ ലോകകപ്പ് ഫൈനൽ. യമാലിനാകട്ടെ, ഇത് ഒരു പുതുയുഗത്തിന്റെ തുടക്കവും. കലാശപ്പോരിൽ കാലം ഇവർക്കായി കരുതി വെച്ചിരിക്കുന്ന നിയോഗം എന്താണെന്ന് വെളിപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
Video:https://www.youtube.com/watch?v=b_m0ARbp1tY

