ഫിൻഗൽ: പടിഞ്ഞാറൻ ഡബ്ലിനിൽ ആസൂത്രണം ചെയ്യുന്ന പുതിയ ഭവനപദ്ധതിയ്ക്കെതിരെ എതിർപ്പ് പ്രകടമാക്കി പ്രദേശവാസികൾ. പദ്ധതി നടപ്പിലായാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇക്കാര്യം ഇവർ ഫിൻഗൽ കൗണ്ടി കൗൺസിലിനെ അറിയിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറൻ ഡബ്ലിനിൽ ഫിംഗ്ലാസിനും ബ്ലാഞ്ചാർഡ്സ്ടൗണിനും ഇടയിലുള്ള 1,000 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പണ്ട് ഡബ്ലിനിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രം ആയിരുന്നു ഇത്. ഇവിടെ 18,500 വീടുകൾവരെ നിർമ്മിക്കാനാണ് പദ്ധതി. ഡൻസിങ്ക് അർബൻ ക്വാർട്ടർ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എം50 നുള്ളിൽ അവശേഷിക്കുന്ന ഏറ്റവും വലിയ പ്രദേശത്താണ് ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്.
എന്നാൽ പദ്ധതി നടപ്പിലായാൽ അത് മേഖലയിൽ വലിയ തിരക്കിന് കാരണം ആകുമെന്നാണ് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നത്. ഗതാഗത പ്രശ്നങ്ങൾ രൂക്ഷമാകും. സേവനങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

