കാൻബറ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. വരാനിരിക്കുന്ന നാളുകൾ അത്ര നല്ലതായിരിക്കില്ല. ഈ സാഹചര്യത്തിൽ രാജ്യം ദേശീയ ഊർജ്ജ സുരക്ഷാ പദ്ധതി നടപ്പിലാക്കാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദീർഘകാലത്തേക്ക് ഊർജ്ജ പ്രതിസന്ധി നിലനിൽക്കുകയാണെങ്കിൽ അതിനെ നേരിടാൻ രാജ്യം സന്നദ്ധമായിരിക്കണം. ഈ യുദ്ധം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ പൂർണ്ണമായി ഒഴിവാക്കാൻ ഒരു സർക്കാരുകൾക്കും സാധ്യമല്ല. ആഗോള തലത്തിൽ വലിയ അസ്ഥിരതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധന തീരുവ കുറയ്ക്കുക എന്ന താത്കാലികമായ ഫലപ്രദമാർഗം മറ്റ് പ്രധാന രാജ്യങ്ങളെ പോലെ ഓസ്ട്രേലിയയും സ്വീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഓസ്ട്രേലിയക്ക് യാതൊരു റോളുമില്ല. എങ്കിലും മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ പോലെ ഓസ്ട്രേലിയക്കാർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധന വിലവർദ്ധനവിനാണ് ഇപ്പോൾ ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി ദൂരവ്യാകപമായിരിക്കും. ഈ സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് പോലെയുള്ള പ്രവൃത്തികൾ ചെയ്യുന്നവർ മനുഷ്യകുലത്തിന്റെ ശത്രുക്കളായിരിക്കും. സ്വന്തമായി വാഹനങ്ങൾ ഉള്ളവർ പോലും തത്കാലത്തേക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണം. എല്ലാവരും അവരവർക്ക് ആവശ്യമുള്ള ഇന്ധനം മാത്രം ഉപയോഗിക്കാൻ ശ്രമിക്കണമെന്നും ആൽബനീസ് ആവശ്യപ്പെട്ടു.

