ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 195.50 രൂപയാണ് വർദ്ധിപ്പിച്ചത്. മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കർശനമാക്കിയതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള ഇന്ധന വിലയിലുണ്ടായ വർധനവാണ് രാജ്യത്ത് എൽപിജി വിലയിലെ വർധനവിനും കാരണം.
ഇതോടെ കേരളത്തിൽ വാണിജ്യ സിലിണ്ടറിന്റെ വില 2091 രൂപയായി ഉയർന്നു. ഡൽഹിയിൽ ഇത് 2078.50 രൂപയാണ് . മുംബൈയിൽ ഇത് 2031 രൂപയും കൊൽക്കത്തയിൽ 2208 രൂപയും ബെംഗളൂരുവിൽ 2246.50 രൂപയുമാണ് വില . മാർച്ച് 1 ന് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 114.50 രൂപ വർദ്ധിപ്പിച്ചിരുന്നു.
വില വർധനവ് രാജ്യത്തെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ചെറുകിട ബിസിനസുകൾ എന്നിവയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ന് രാജ്യത്ത് പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വിലയും വർദ്ധിപ്പിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് 11 രൂപയും ഡീസൽ എക്സ്ട്രാ ഗ്രീൻ 1.50 രൂപയും വർദ്ധിപ്പിച്ചു. ഇതോടെ, എക്സ്പി 100 പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായും ഡീസൽ എക്സ്ട്രാ ഗ്രീൻ ലിറ്ററിന് 91.49 രൂപയിൽ നിന്ന് 92.99 രൂപയായും ഉയർന്നു.

