ഡബ്ലിൻ: അയർലന്റിൽ വവളർത്ത് മൃഗങ്ങളുമായി വാഹനങ്ങളിൽ പോകുന്നവർക്ക് മുന്നറിയിപ്പ്. വളർത്ത് മൃഗങ്ങളെ ശരിയായ രീതിയിൽ കൊണ്ടുപോയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. An Garda Síochána എന്ന നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിക്കുന്നത്.
അടുത്തിടെയായി വളർത്ത് മൃഗങ്ങൾ മൂലമുള്ള അപകടങ്ങൾ രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നിയമം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. നിയമലംഘനം നടത്തുന്നവർക്ക് 6000 യൂറോവരെ പിഴ ചുമത്തും. ഇതിന് പുറമേ ലൈസൻസിൽ പോയിന്റുകളും ലഭിക്കും. പൂച്ചകൾ, നായ്ക്കൾ തുടങ്ങിയ വളർത്ത് മൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ കൃത്യമായി വാഹനത്തിനുള്ളിൽ കെട്ടിയിരിക്കണം. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവറുടെ മടിയിലേക്ക് വളർത്ത് മൃഗങ്ങൾ ചാടുന്നതും അതുവഴിയുണ്ടാകുന്ന അപകടങ്ങളും തടയുന്നതിന് വേണ്ടിയാണ് ഇത്.
പിൻസീറ്റിൽ ആയിരിക്കണം വളർത്ത് മൃഗങ്ങളെ കെട്ടേണ്ടത്. ദീർഘദൂര യാത്രകളിൽ ഓരോ രണ്ട് മണിക്കൂറിലും യാത്രയ്ക്ക് ഇടവേള നൽകണം. വളർത്ത് മൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നൽകണം എന്നും അറിയിപ്പിൽ റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നു.

