സൈനികശേഷി വർധിപ്പിക്കാൻ വമ്പൻ നീക്കങ്ങളാണ് കേന്ദ്രസർക്കാർ തുടർച്ചായി സ്വീകരിക്കുന്നത് . സുരക്ഷാ വലയം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയാണ് ഇന്ത്യൻ സൈന്യം . ഇപ്പോഴിതാ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ, തദ്ദേശീയമായി നിർമ്മിച്ച പ്രഹാർ ലൈറ്റ് മെഷീൻ ഗണ്ണിന്റെ (എൽഎംജി) ആദ്യ ബാച്ച് ഇന്ത്യൻ സൈന്യത്തിന് കൈമാറിയിരിക്കുകയാണ്.
അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് നിർമ്മിച്ച 2,000 പ്രഹാർ എൽഎംജിയുടെ ആദ്യ ബാച്ചാണ് സൈന്യത്തിന് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിലെയും കമ്പനിയിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം ഈ അവസരത്തിൽ പങ്കെടുത്തു
ഗ്വാളിയോറിലെ അദാനി സ്മോൾ ആംസ് കോംപ്ലക്സിൽ നിന്നായിരുന്നു ഡെലിവറി . ഇന്ത്യൻ സൈന്യത്തിലെ പഴയ 5.56x45mm INSAS ലൈറ്റ് മെഷീൻ ഗണ്ണിന് പകരമായി 7.62x51mm പ്രഹാർ LMG ഉപയോഗിക്കും. മിനിറ്റിൽ 700 റൗണ്ട് വെടിയുതിർക്കാൻ ശേഷിയുള്ള പ്രഹാർ LMG, ഇന്ത്യൻ സൈന്യത്തിന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തും. ഇതിന്റെ പരിധി 1,000 മീറ്ററാണ്. ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെ കൃത്യമായി ലക്ഷ്യമിടാൻ കഴിയും.
120 റൗണ്ട് ഡ്രം മാഗസിനും ബെൽറ്റ്-ഫെഡ് ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്. സെക്കൻഡുകൾക്കുള്ളിൽ ഇത് വീണ്ടും ലോഡുചെയ്യാൻ കഴിയും. ഏകദേശം 8 കിലോഗ്രാം ഭാരമുള്ള ഇത് വാഹനങ്ങളിൽ നിന്നും ഹെലികോപ്റ്ററുകളിൽ നിന്നും ഉപയോഗിക്കാൻ കഴിയും. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിലുള്ള ഒരു സുപ്രധാന നേട്ടമാണിതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആശിഷ് രാജ്വൻഷി പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന് 41,000 എൽഎംജികൾ വിതരണം ചെയ്യാൻ ഏഴ് വർഷത്തേ സമയമാണ് നിശ്ചയിച്ചിരുന്നെങ്കിലും മൂന്ന് വർഷത്തിനുള്ളിൽ ഇത് കൈവരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ, ഷെഡ്യൂളിന് 11 മാസം മുൻപേയാണ് 2,000 എൽഎംജികൾ ഇന്ത്യൻ സൈന്യത്തിന് എത്തിച്ചിരിക്കുന്നത്.

