തൃശൂർ : യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നം കുളം പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് പൊലീസ് മർദ്ദിച്ചത് . 2023 ഏപ്രിൽ 5 നാണ് സംഭവം . റോഡരികിൽ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനെ സുജിത്ത് ചോദ്യം ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത കുന്നംകുളം എസ്ഐ നുഹ്മാൻ സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നും, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കാട്ടിയാണ് സുജിത്തിനെതിരെ കേസ് എടുത്തത്. ജാമ്യം ലഭിച്ച സുജിത്ത്, വിവരാവകാശ നിയമപ്രകാരം മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ച് പോലീസുകാർ ചേർന്നാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ കേൾവി ശക്തിയ്ക്ക് തകരാർ സംഭവിച്ചതായും സുജിത്ത് ആരോപിച്ചു.
വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന് കേൾവിക്കുറവ് അനുഭവപ്പെട്ടതായും കണ്ടെത്തി

