കൊല്ലം: കടം വാങ്ങിയ 20,000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് 6 ദിവസത്തെ യാതനകൾക്കൊടുവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.
കൊട്ടിയം മൈലാപൂരിൽ വെച്ച് നവംബർ 26ന് ചൊവ്വാഴ്ചയായിരുന്നു റിയാസിനെ സുഹൃത്തുക്കളും മൈലാപ്പൂർ സ്വദേശികളുമായ ഷഫീക്ക്, തുഫൈൽ എന്നിവർ ചേർന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ഓട്ടോറിക്ഷയിൽ വെച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. മദ്യപാനത്തിന് ശേഷമായിരുന്നു അതിക്രമം.
തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ നിലവിൽ വധശ്രമത്തിന് റിമാൻഡിലാണ്.