കൊച്ചി: നടൻ ബാലു വർഗീസ് അനുവാദമില്ലാതെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയുമായി യുവതി . ഇതുമായി ബന്ധപ്പെട്ട് താരത്തിന് യുവതി വക്കീൽ നോട്ടീസ് അയച്ചു. സംഭവത്തിൽ രേഖാമൂലമുള്ള മാപ്പപേക്ഷയും, ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന ഉറപ്പുമാണ് യുവതി ആവശ്യപ്പെടുന്നത്.
ഈ സംഭവം തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്ന് സ്വകാര്യ മാധ്യമത്തിനോട് സംസാരിക്കവെ യുവതി പറഞ്ഞു. സ്വിമ്മിംഗ് പൂളിൽ വെച്ച് നടൻ മോശമായി സ്പർശിച്ചുവെന്നും, അത് മനഃപൂർവ്വമാണെന്ന് തനിക്ക് ഉറപ്പാണെന്നും അവർ ആരോപിച്ചു. താൻ ഉടൻ തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്തു. . ആദ്യം അതൊരു അബദ്ധമാണെന്ന് പറഞ്ഞെങ്കിലും, താൻ ഉറച്ചുനിന്നപ്പോൾ അദ്ദേഹം മാപ്പ് ചോദിച്ചു. അവിടെ നിന്ന് മടങ്ങിയ ശേഷം ഭർത്താവിനോട് കാര്യം പറയുകയും, അദ്ദേഹം പിറ്റേദിവസം നടനെ ബന്ധപ്പെടുകയും ചെയ്തു.
എന്നാൽ, സ്പർശനം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് നടൻ ആവർത്തിക്കുകയാണുണ്ടായത്. എന്നാൽ, അത് ഒരിക്കലും അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും യുവതി പറയുന്നു. സുഹൃത്തുക്കളായ സ്ത്രീകളുമായി ഈ അനുഭവം പങ്കുവെച്ചപ്പോൾ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കിയെന്നും, അതിനുശേഷമാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
നടനെതിരെ മറ്റ് സ്ത്രീകളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം . കഴിഞ്ഞ വർഷം മാർച്ചിൽ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവിൽനിന്ന് മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട് . ആളുകൾ ചുറ്റുമുള്ള സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
അതേ പരിപാടിയിൽ വെച്ച് തന്നെ അനുവാദമില്ലാതെ സ്പർശിച്ചുവെന്ന് മറ്റൊരു യുവതിയും ആരോപിച്ചു . വക്കീൽ നോട്ടീസ് അയച്ചിട്ടും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

