കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. 80 അടി ആഴമുള്ള കിണറിന്റെ കൈവരി തകർന്നതാണ് അപകടത്തിനിടയാക്കിയത് . കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനിയായ അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22), കൊട്ടാരക്കരയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ (36) എന്നിവരാണ് മരിച്ചത്.
അർച്ചന 80 അടി ആഴമുള്ള കിണറ്റിൽ ചാടിയതായി അറിയിച്ചുകൊണ്ട് ഫയർഫോഴ്സിന് പുലർച്ചെയാണ് ഫോൺകോൾ ലഭിച്ചത് . ഫയർഫോഴ്സ് എത്തിയപ്പോൾ, അർച്ചനയുടെ മക്കളാണ് അവരെ കിണറ്റിന് സമീപം കൊണ്ടുപോയി, അമ്മ കിണറ്റിൽ കിടക്കുന്നുണ്ടെന്ന് പറഞ്ഞത്.
കിണറ്റിൽ നിന്ന് അർച്ചനയെ പുറത്തെടുക്കാൻ, സോണി കയറും മറ്റ് വസ്തുക്കളും ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി. മുകളിലേക്ക് വലിച്ചെടുക്കുന്നതിനിടെ , കിണറിന്റെ കൈവരി തകർന്ന് അവരുടെ മുകളിലേക്ക് വീഴുകയായിരുന്നു . കൈവരിക്ക് സമീപം നിന്നിരുന്ന ശിവകൃഷ്ണനും അപകടത്തിൽപ്പെട്ടു. കിണർ വളരെ ആഴമുള്ളതായതിനാൽ കല്ലുകളും ചെളിയും അവരുടെ മേൽ വീഴുകയും ചെയ്തു. വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് മക്കളുടെ അമ്മയാണ് അർച്ചന.മൂന്നുപേരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.
ഹോം നേഴ്സായി ജോലി ചെയ്തിരുന്ന അർച്ചനയ്ക്കൊപ്പം മൂന്ന് മാസം മുൻപാണ് ശിവകൃഷ്ണൻ താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ശിവകൃഷ്ണൻ വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. തുടർന്ന് ബാക്കി വന്ന മദ്യം അർച്ചന ഒളിപ്പിച്ചു വച്ചു. ഇത് ചോദ്യം ചെയ്ത ശിവകൃഷ്ണൻ അർച്ചനയെ മർദ്ദിച്ചു. ഇതിനു പിന്നാലെ അർച്ചന കിണറ്റിൽ ചാടുകയായിരുന്നു.

