നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി അൻവർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവർ ഇക്കാര്യം അറിയിച്ചത്.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആരെന്ന ആശയക്കുഴപ്പം നിലനിൽക്കെയാണ് അൻവറിൻ്റെ തീരുമാനം. ആര്യാടൻ ഷൗക്കത്തും വിഎസ് ജോയിയും മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്.നിലമ്പൂരിൽ ജോയിയെ സ്ഥാനാർഥിയാക്കിയാൽ മാത്രമേ പിന്തുണ നൽകൂവെന്ന് പിവി അൻവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
ജോയ് മത്സരിച്ചാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അൻവർ പറഞ്ഞിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് ചുമതലയുള്ള കോൺഗ്രസ് നേതാവ് എപി അനിൽകുമാറിനെയും അൻവർ നേരിട്ട് അറിയിച്ചിരുന്നു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് അൻവർ അഭ്യർത്ഥിച്ചിരുന്നു.ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഷൗക്കത്ത് തന്നെ സ്ഥാനാർത്ഥിയാണെന്ന് അവകാശപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ചെങ്കിലും അൻവറിനെ നിരാശപ്പെടുത്തുന്നത് പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്ന് കോൺഗ്രസിന് അറിയാം.
ഇതോടൊപ്പം തൃണമൂൽ കോൺഗ്രസിൻ്റെ കേരള പ്രവേശനം വേഗത്തിലാക്കണമെന്നും കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിച്ഛേദിക്കുകയാണ്.
പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
“ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്.
പി.വി അൻവർ

