ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നടന്ന പോരാട്ട പാതകളിലൂടെ വിഎസിന്റെ അന്ത്യയാത്ര. വിഎസിന്റെ മൃതദേഹം വീണ്ടും ആലപ്പുഴയുടെ മണ്ണിൽ എത്തിയപ്പോൾ, കണ്ണീരോടെയാണ് ജനങ്ങൾ തങ്ങളുടെ പ്രിയസഖാവിനെ സ്വീകരിച്ചത്. റെഡ് സല്യൂ നൽകാൻ പാർട്ടി പ്രവർത്തകരും, സാധാരണക്കാരും ഒഴുകിയെത്തി.
വിപ്ലവഭൂമിയായ പുന്നപ്രയിൽ നിന്ന് വളർന്ന ഒരു പാർട്ടിയിലൂടെ കേരള രാഷ്ട്രീയത്തിലെ അതികായനായി മാറിയ ആലപ്പുഴയുടെ അഭിമാനമായ വിഎസിനെ ആലപ്പുഴ അവസാനമായി സ്വീകരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര തിരുവനന്തപുരവും കൊല്ലവും കടന്ന് ആലപ്പുഴയിലെത്തിയത് 20 മണിക്കൂർ കൊണ്ടാണ് .
‘കണ്ണേ കരളേ, വി.എസ്.., ഇല്ല.. ഇല്ല, മരിക്കുന്നില്ല, നമ്മളിലൂടെ ജീവിക്കുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ആയിരങ്ങൾ വിലാപയാത്രയ്ക്കൊപ്പം അകമ്പടി സേവിച്ചത് . അതേസമയം വീട്ടിലെ പൊതുദർശനം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ് . ഇനിയും കാണാൻ കാത്തുനിൽക്കുന്നവർ ജില്ലാ കമ്മിറ്റി ഓഫിസിലേക്കു പോകണമെന്ന് അറിയിപ്പ് നൽകിത്തുടങ്ങി. . കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിന്റെ സംസ്കാരം നടക്കുക

