കൊച്ചി: ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വേടനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് കൂടുതൽ നടപടി സ്വീകരിച്ചത്. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. വേടനായി പോലീസ് തീവ്രമായ തിരച്ചിൽ തുടരുകയാണ്.
ഇതിന്റെ ഭാഗമായി പോലീസ് വേടന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിൽ, മുൻകൂർ ജാമ്യത്തിനായി വേടൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം .
അതേസമയം കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന വേടന്റെ പരിപാടി മാറ്റിവച്ചു. സംഘാടകർക്ക് വേടനുമായി ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് പരിപാടി മാറ്റിവച്ചത് . കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. വേടനുമായി പീഡനത്തിനിരയായ ഡോക്ടർ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന വാദം പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട്, കൊച്ചി, ഏലൂർ എന്നിവിടങ്ങളിൽ വച്ച് അഞ്ച് തവണ ബലാത്സംഗം ചെയ്തതായാണ് അവരുടെ മൊഴി. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ വേടൻ തന്നെ പീഡിപ്പിച്ചതായാണ് ഡോക്ടറുടെ മൊഴി. ഇതെല്ലാം അറിയുന്ന സുഹൃത്തുക്കളുടെ പേരുകളും അവരുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതൽ വേടൻ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ലെന്നും ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. വേടന്റെ പിൻമാറ്റം തന്നെ മാനസികമായി തളർത്തിയെന്നും 31,000 രൂപ പലതവണയായി വേടന് കൈമാറിയെന്നും യുവതി പറഞ്ഞു. തന്റെ ജി പേ അക്കൗണ്ട് വിവരങ്ങളും അവർ ഹാജരാക്കി.

