കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ റാപ്പർ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വേടനെതിരായ മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ഈ ഹർജിയിൽ പരിഗണനയിലില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, വ്യക്തമാക്കി.
വേടൻ മറ്റ് സ്ത്രീകളെയും സമാനമായി വഞ്ചിച്ചിട്ടുണ്ടെന്ന് വാദിച്ചുകൊണ്ട് അഭിഭാഷകൻ മുഖേന ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ , ഓരോ കേസും സ്വതന്ത്രമായി പരിഗണിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി ആരാധികയായി തന്നെ സമീപിച്ചതിനെ തുടർന്നാണ് ഈ ബന്ധം ആരംഭിച്ചതെന്നും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലമാണ് പരാതി ഉണ്ടായതെന്നും വേടന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കേസ് പുറത്തുവന്നതിനുശേഷം വേടൻ ഒളിവിലാണെന്നാണ് റിപ്പോർട്ട് . രാജ്യം വിട്ടുപോകാതിരിക്കാൻ അധികൃതർ നേരത്തെ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വേടന്റെ ആരാധികയായ യുവ ഡോക്ടർ സോഷ്യൽ മീഡിയ വഴിയാണ് വേടനുമായി പരിചയപ്പെട്ടത്.
സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ച ചെയ്യാൻ എന്ന പേരിൽ തന്റെ അപ്പാർട്ട്മെന്റിൽ വേടൻ വന്നപ്പോഴാണ് ആദ്യ പീഡനം നടന്നത്. 2021 നും 2023 നും ഇടയിൽ വേടൻ യുവതിയെ പലതവണ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുനൽകിയതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പലതവണ തന്നിൽ നിന്ന് പണം കടം വാങ്ങിയതായും അവർ ആരോപിച്ചു. ഐപിസി സെക്ഷൻ 376(2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

