തിരുവനന്തപുരം : കസ്റ്റഡി പീഡനത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമർശനം. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിൽ നിന്ന് പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പൊലീസിലെ അഴിമതിക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു. ‘ മുഴുവൻ പോലീസും അഴിമതിയിൽ പങ്കാളികളാണ്. പോലീസ് ഏരിയ, ജില്ലാ സെക്രട്ടറിമാരെ ഭയപ്പെടുന്നു . കുന്നംകുളം കേസിന് ഉത്തരവാദികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണം. അതുവരെ സമരം തുടരും. അവരെ സർവീസിൽ നിന്ന് പിരിച്ചുവിടണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുകയാണെന്നും ‘ സതീശൻ പറഞ്ഞു.
പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതുവരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗത്തിനായി കാത്തിരിക്കുന്നില്ല. . നടപടിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാറും എകെഎം അഷ്റഫും നിരാഹാര സമരത്തിലായിരിക്കുമെന്നും സതീശൻ പറഞ്ഞു .
സുജിത്തിനെതിരെ എടുത്തതെല്ലാം നിസാരകേസുകളാണ്. മദ്യപിച്ചെന്ന് വരെ കള്ളക്കേസുണ്ടാക്കി. ക്രൂരമർദനത്തെ നാണമില്ലാതെ ന്യായീകരിക്കുന്നു. നിരപരാധിയായ സ്ത്രീയോട് കക്കൂസിൽ പോയി വെള്ളം കുടിക്കാൻ പറഞ്ഞു. കേരളത്തിലേത് നാണംകെട്ട പൊലീസ് ആണിതെന്നും സതീശൻ കുറ്റപ്പെടുത്തി.റോജി എം ജോൺ ആണ് പ്രമേയം അവതരിപ്പിച്ചത്.
വർഷങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട പോലീസ് ക്രൂരതയെക്കുറിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ് റോജി പ്രസംഗം ആരംഭിച്ചത്. അതേ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് റോജി പറഞ്ഞു.

