കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസ് അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ . തലയിലെ പരിക്ക് ഗുരുതരമല്ല. എന്നാൽ ശ്വാസകോശത്തിലെ ചതവ് പരിഹരിക്കുകയാണ് പ്രധാനം . തത്ക്കാലം വെൻ്റിലേറ്റർ സഹായം തുടരും.
ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഉമാതോമസിൻ്റെ സ്ഥിതി ഗതികൾവിലയിരുത്തി. തലച്ചോറിനുണ്ടായ ക്ഷതത്തിൻ്റെ അളവ് ഗുരുതരമല്ല. വയറിൻ്റെ സ്കാനിങിലും പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ശ്വാസകോശത്തിലെ ചതവ് പരിഹരിക്കാൻ ആൻ്റിബയോട്ടിക് ചികിത്സ തുടരുകയാണ്.ശ്വാസകോശത്തിനേറ്റ ചതവും അവിടെ രക്തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉമയെ പരിശോധിച്ചിരുന്നു. നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നതു തന്നെയാണ് അവരുടെയും പക്ഷം. ശ്വാസകോശത്തിനു വിശ്രമം അനുവദിക്കുന്നതിനു കൂടിയാണ് വെന്റിലേറ്റർ സൗകര്യം ഉപയോഗിച്ചിരിക്കുന്നത്.നാളെ വെന്റിലേറ്റർ മാറ്റി നോക്കുമെന്നും ഡോക്ടർമാർ പറഞ്ഞു
ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. അഞ്ചംഗ വിദഗ്ധ സംഘം നിരീക്ഷണം തുടരും. കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടതുപോലെയുള്ള ഒരു അവസ്ഥ ഇന്നില്ല. തുടക്കത്തില്‍ അതീവ ഗുരുതരാവസ്ഥയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ ആ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്.