കാസർകോട് : നാലു വർഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് തേടുന്ന കൊലക്കേസ് പ്രതിയ്ക്കൊപ്പം സൗഹൃദം പങ്കിട്ട് യുഡിഎഫ് നേതാക്കൾ. കാസർകോട് അബൂബക്കർ സിദ്ധിഖ് കൊലപാതകക്കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം എം എൽ എ മാർ അടക്കം നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സന്ദീപ് വാര്യർ എംഎൽഎ, എകെഎം അഷ്റഫ് എംഎൽഎ, എൻ എ നെല്ലിക്കുന്ന് എന്നിവരാണ് പ്രതിക്കൊപ്പമുള്ളത്. ഗൾഫിൽ ജ്വല്ലറി ഉദ്ഘാടനചടങ്ങിലെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
പൈവളിഗെ അമ്പിക്കാന സ്വദേശിയായ അഹമ്മദ് റയീസ് , മഞ്ചേശ്വരത്തെ മുഗു റോഡിൽ അബൂബക്കർ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിൽ പതിമൂന്നാം പ്രതിയാണ് . 2022 ജൂൺ 26 നായിരുന്നു നാടിനെ നടുക്കിയ അബൂബക്കർ സിദ്ധിഖ് കൊലപാതകം. സഹോദരനെ ബന്ദിയാക്കിയ ശേഷം ഗൾഫിൽ നിന്ന് നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയാണ് സിദ്ധിഖിനെ കൊലപ്പെടുത്തിയത്. മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ സിദ്ധിഖിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ നൂച്ചിയിലുള്ള വീട്ടിലും, ആളൊഴിഞ്ഞ പറമ്പിലുമെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

