ഡബ്ലിൻ: അന്താരാഷ്ട്ര സംരക്ഷണ ചിലവുകൾക്കായി അധികമായി തുക ചിലവഴിച്ച് സർക്കാർ. 2024 ലാണ് അഭയാർത്ഥികൾ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനായി അധികമായി പണം വിനിയോഗിച്ചിരിക്കുന്നത്. പബ്ലിക് അക്കൗണ്ട് കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രസ്തുത വർഷം 607 മില്യൺ യൂറോയാണ് അധികമായി സർക്കാർ ചിലവഴിച്ചത്.
2024 ലെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ആൻഡ് ടെമ്പററി പ്രൊട്ടക്ഷൻ (ഉക്രെയ്ൻ) എക്സ്പെൻഡിച്ചർ റിപ്പോർട്ട് പ്രകാരം ആകെ സംരക്ഷണത്തിനും താമസിത്തിനും മറ്റ് അനുബന്ധ ചിലവുകൾക്കുമായി 2.3 ബില്യൺ യൂറോ സർക്കാർ ചിലവാക്കി. ഇതിൽ 1.6 ബില്യൺ യൂറോ അഭയാർത്ഥികളുടെ താമസത്തിന് വേണ്ടിയാണ് ചിലവഴിച്ചത്. ഇതിൽ 409 മില്യൺ യൂറോയുടെ അധിക ചിലവും ഉൾപ്പെടുന്നു. 2022-24 കാലയളവിൽ താമസൗകര്യം 7,000 ത്തിൽ നിന്നും 33,000 കിടക്കകളായി സർക്കാർ ഉയർത്തിയിരുന്നു. ഇതാണ് ഇത്രയും യൂറോയുടെ അധിക ചിലവിന് കാരണമായത് എന്നാണ് വിലയിരുത്തൽ.

