കൊച്ചി: കൊച്ചിയിലെ സിനഗോഗിന് സമീപം നടന്ന തീവെപ്പുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. യു.എ.പി.എ.യിലെ 16, 18 വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ഇതോടെ, ഈ തീവെപ്പ് കേസ് ഭീകരവാദ പ്രവർത്തനങ്ങളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യമായി മാറിയിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ, ആരാധനാലയത്തിന് തീവെക്കാൻ ശ്രമിച്ചു എന്ന കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ തുടർ അന്വേഷണത്തിൽ, വിദേശത്തുള്ള ദേശവിരുദ്ധ ശക്തികളുടെ പ്രേരണയാലാണ് തീവെപ്പും പെട്രോൾ ബോംബ് ആക്രമണവും നടന്നതെന്ന് പോലീസ് കണ്ടെത്തി. ദിവസങ്ങളോളം നീണ്ട വിശദമായ ചർച്ചകൾക്ക് ശേഷം, മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം യു.എ.പി.എ. ചുമത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനാണ് 18-ാം വകുപ്പ് ചുമത്തിയത്.
പൊതുജനങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചാണ് 16-ാം വകുപ്പ് പ്രതിപാദിക്കുന്നത്. തീവെപ്പ്, സ്ഫോടനങ്ങൾ, വിഷവാതകങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബുധനാഴ്ചയാണ് ഈ കേസിന്റെ അന്വേഷണച്ചുമതല എറണാകുളം സെൻട്രൽ എ.സി.പി. സിബി ടോമിന് കൈമാറിയത്. നേരത്തെ, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരുന്നു അന്വേഷണച്ചുമതല. യു.എ.പി.എ. ചുമത്തിയതോടെ, കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനുള്ള സാധ്യത വർദ്ധിച്ചു.
12-ാം തീയതി പുലർച്ചെയാണ് എബിൻ പോൾ എറണാകുളം നഗരത്തിലെ സിനഗോഗിന് സമീപം ആക്രമണം നടത്തിയത് . അന്ന് ഉച്ചകഴിഞ്ഞ് പുത്തൻകുരിശ് ‘പത്താം മൈൽ’ എന്ന സ്ഥലത്തുനിന്നും ഇയാളെ പിടികൂടി. സിനഗോഗിന് പുറമെ, മൂവാറ്റുപുഴയിലെ കാർ ഷോറൂമിന് നേരെയും ‘അവാസ് റിയൽ എസ്റ്റേറ്റ്’ ഓഫീസിന് നേരെയും ഇയാൾ പെട്രോൾ ബോംബുകൾ എറിഞ്ഞിരുന്നു.

