ചെന്നൈ : തൻ്റെ പരാമർശങ്ങളെ അഭിജീത് ദിപ്കെ നയിക്കുന്ന സംഘടനയ്ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കരുതെന്ന് വി ദി ലീഡേഴ്സ്’ നേതാവ് കെ. അണ്ണാമലൈ . ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളെ അണ്ണാമലൈ വിമർശിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
‘വി ദി ലീഡേഴ്സ്’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു പൊലീസ് നടപടിയെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും, പ്രതിഷേധങ്ങൾക്ക് പിന്നിലെ ആവശ്യത്തെ പിന്തുണച്ചും അണ്ണാമലൈ രംഗത്തെത്തിയത്
“ഞങ്ങൾ ഒരിക്കലും ‘പാറ്റാ പാർട്ടിയെ ‘പിന്തുണയ്ക്കുന്നില്ല. അവരുടെ അജണ്ടയും ഞങ്ങളുടെ അജണ്ടയും വ്യത്യസ്തമാണ് ” – അണ്ണാമലൈ പറഞ്ഞു. മാത്രമല്ല ജനാധിപത്യത്തിൽ ഏത് രാഷ്ട്രീയ പാർട്ടിക്കും പോരാടാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പാറ്റാ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് നേരെ ഒക്ടോബർ 10-ന് നടന്ന പോലീസ് നടപടിയെയാണ് അണ്ണാമലൈ വിമർശിച്ചത്.
രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നവരെ പിന്തുണച്ചതിന്റെ പേരിൽ അണ്ണാമലൈയ്ക്കെതിരെ പലരും വിമർശനമുന്നയിച്ചിരുന്നു . എന്നാൽ ഇതിന്റെ പേരിൽ തന്നെ കുറ്റപ്പെടുത്തിയവരോട് “രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അനുഭവസമ്പത്ത് എനിക്കുണ്ട്. ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.” അതുകൊണ്ട്, ദേശസ്നേഹത്തെക്കുറിച്ച് ആരും എന്നെ ഉപദേശിക്കേണ്ടതില്ല,” എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി.
“ പ്രതിഷേധക്കാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, പ്രതികാരബുദ്ധിയോടെ പെരുമാറുന്നതിന് പകരം നിയമപ്രകാരം നടപടിയെടുക്കുകയാണ് അധികൃതർ ചെയ്യേണ്ടത് . തിരഞ്ഞെടുപ്പ് കമ്മീഷൻ, സുപ്രീം കോടതി തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. മോദി ഒരു നല്ല പ്രധാനമന്ത്രിയാണ്, അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.”എങ്കിലും, പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമ്പോൾ തന്നെ, തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാൻ ഞങ്ങൾ മടിക്കില്ല,” എന്നും അണ്ണാമലൈ പറഞ്ഞു.

