പാലക്കാട്: വാളയാറിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത് . മലറിന്റെ മൂന്ന് വയസ്സുള്ള മകൻ ഉൾപ്പെടെ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ് . ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം.
ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു . കാറിൽ ഏഴ് പേർ ഉണ്ടായിരുന്നു. മലറും ലാവണ്യയും കാറിന്റെ ഇടതുവശത്ത് ഇരിക്കുകയായിരുന്നു. കുട്ടികളുടെ സംഗീത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.
ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മാറ്റി. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയത് . അപകടകാരണം വ്യക്തമല്ല.വാഹനം ഓടിച്ചിരുന്ന സെല്‍വം, ലാവണ്യയുടെ ഭര്‍ത്താവ് സായിറാം, ഇരുവരുടേയും കുട്ടികള്‍ എന്നിവരെയെല്ലാം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

