കോഴിക്കോട് : താൻ നിരപരാധിയാണെന്ന് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യ . കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണി അധ്യാപികയാണോ എന്ന ചോദ്യത്തിന് താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും കാവ്യ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കീർത്തനയുടെ മൊഴികൾ വിശ്വസിക്കരുതെന്നും റിയാലിറ്റി താൻ പറയാമെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കാവ്യയെ കൂടുതൽ അഭിപ്രായങ്ങൾ പറയാൻ അനുവദിക്കാതെ പോലീസ് കൂട്ടി കൊണ്ടുപോയി.
കാവ്യ ഉൾപ്പെടെ മൂന്ന് വനിതാ അധ്യാപികമാരെയും രണ്ട് പുരുഷന്മാരെയുമാണ് കേസിൽ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ബിആർസിയിലെ മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപികമാരെയും കേസിൽ പ്രതി ചേർത്തതിനെത്തുടർന്ന് പിരിച്ചുവിട്ടു.മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണം, കേസിൽ അറസ്റ്റിലായ ഇരിട്ടിയിലെ ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാകോസിനാണ് അധ്യാപകർ കൈമാറിയിരുന്നത് . കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കപ്പെടുന്ന ഷിന്റോ ഷിബു (22) ഇതുവരെ അറസ്റ്റിലായിട്ടില്ല. വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴിയാണ് ഷിന്റോ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്.
അതേസമയം കേസിൽ പ്രതികളായ കാവ്യയെയും നീഷ്മയെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വടകര എൻഡിപിഎസിന് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) കോടതിക്ക് കൈമാറി.

