ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രധാന മോർച്ചറിയായ വൈറ്റ്ഹാളിൽ ഈ വർഷം ഇതുവരെ നടത്തിയത് 500 പോസ്റ്റ്മോർട്ടങ്ങൾ. പ്രതിവർഷം 400 പോസ്റ്റ്മോർട്ടങ്ങൾ നടത്തുന്നതിനുള്ള ശേഷിമാത്രമാണ് ഈ മോർച്ചറിയ്ക്കുള്ളത്. മോർച്ചറിയിലെയും കൊറോണറുടെ ഓഫീസിലെയും ജീവനക്കാർക്ക് ജോലി ഭാരം ഇരട്ടിയാണെന്ന് വ്യക്തമാക്കുന്നത് കണക്കുകളാണ് ഇത്.
ഐറിഷ് അസോസിയേഷൻ ഓഫ് ഫ്യൂണറൽ ഡയറക്ടേഴ്സ് അധ്യക്ഷൻ ഫിന്റാൻ കൂണിയാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്. പ്രതിവർഷം ഏകദേശം 400 പോസ്റ്റ്മോർട്ടം നടത്താനുള്ള സൗകര്യമാണ് വൈറ്റ്ഹാളിലെ മോർച്ചറിയ്ക്കുള്ളത്. എന്നാൽ ഈ വർഷം ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ തന്നെ ഇവിടെ 500 ലധികം പോസ്റ്റ്മോർട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഡബ്ലിനിൽ പോസ്റ്റ്മോർട്ടം നടത്തുന്ന ആശുപത്രികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇത് പ്രശ്നം രൂക്ഷമാക്കി. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

