ധാക്ക ; ഊർജ്ജ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് ബംഗ്ലാദേശ് . രാജ്യത്തിന്റെ പല ഭാഗങ്ങളിലും 8 മുതൽ 10 മണിക്കൂർ വരെയാണ് വൈദ്യുതി മുടക്കം . ബംഗ്ലാദേശിലെ മഹേഷ്ഖാലിയിൽ എക്സലറേറ്റ് നടത്തുന്ന എൽഎൻജി ഫ്ലോട്ടിംഗ് സ്റ്റോറേജ് ആൻഡ് റീഗാസിഫിക്കേഷൻ യൂണിറ്റിൽ (എഫ്എസ്ആർയു) എൽഎൻജി തീർന്നുവെന്നും , കമ്പനി ദേശീയ ഗ്രിഡിലേക്കുള്ള വിതരണം നിർത്തിവച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
ഡെയ്ലി സ്റ്റാർ റിപ്പോർട്ട് പ്രകാരം, ബംഗ്ലാദേശിന്റെ ഗ്യാസ് വിതരണം മൊത്തം ആവശ്യകത ഏകദേശം 3,800 mmcfd (ഒരു ദിവസം ദശലക്ഷം ഘന അടി) ആണ് . എന്നാൽ ഇപ്പോൾ അത് 2,200 mmcfd ൽ താഴെയായി. എക്സലറേറ്റിന്റെ ഫ്ലോട്ടിംഗ് സ്റ്റോറേജ് ആൻഡ് റീഗാസിഫിക്കേഷൻ യൂണിറ്റ് ടെർമിനൽ അടച്ചുപൂട്ടിയതാണ് ഇതിന് പ്രധാന കാരണം. ഇതിനെ തുടർന്ന് ബംഗ്ലാദേശ് നിലവിൽ സമ്മിറ്റിന്റെ ടെർമിനലിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ അതിന് ഏകദേശം 550 mmcfd മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. 600 mmcfd ശേഷിയുള്ള എക്സലറേറ്റ് ടെർമിനൽ കുറച്ചുകാലമായി തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്.
ജൂലൈ 21 ന് എക്സലറേറ്റ് ടെർമിനലിൽ തീപിടുത്തമുണ്ടായി. ഓഗസ്റ്റ് 6 ന് ഇത് ഭാഗികമായി പ്രവർത്തിച്ചിരുന്നെങ്കിലും ഓഗസ്റ്റ് 14 ന് വീണ്ടും തടസ്സപ്പെട്ടു. ഓഗസ്റ്റ് 15 ന് പുനരാരംഭിച്ച ശേഷം, ഗ്യാസ് സ്റ്റോക്കുകൾ തീർന്നതിനാൽ വീണ്ടും അടച്ചുപൂട്ടേണ്ടി വന്നു. ഓഗസ്റ്റ് 23 ന് പുതിയ എൽഎൻജി കപ്പൽ എത്തുന്നതുവരെ ടെർമിനൽ പ്രവർത്തനക്ഷമമാകില്ല.
റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിതരണത്തിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു, എന്നാൽ ഈ പുതിയ തടസ്സം രാജ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കൂടാതെ ലഭ്യമായ വാതകത്തിന്റെ വലിയൊരു ഭാഗം പവർ പ്ലാന്റുകളിലേക്ക് തിരിച്ചുവിടേണ്ട അവസ്ഥയിലുമാണ് .
ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ബംഗ്ലാദേശ് ഇന്ത്യയോട് സഹായം തേടിയിട്ടുമുണ്ട് . ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയുമായുള്ള കൂടിക്കാഴ്ചയിൽ ബംഗ്ലാദേശ് ഊർജ്ജ മന്ത്രി ഇക്ബാൽ ഹസൻ മഹ്മൂദ് കൂടുതൽ ഡീസൽ വിതരണം ആവശ്യപ്പെട്ടിരുന്നു . സ്വന്തം ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ തന്നെ ബംഗ്ലാദേശിന്റെ അഭ്യർത്ഥനയും പരിഗണിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചിട്ടുമുണ്ട്.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ പല പ്രദേശങ്ങളിലെയും വൈദ്യുതി നിലയങ്ങൾ ആക്രമിക്കുന്ന ഘട്ടത്തിലേക്ക് വഷളായിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും പോലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ്. സെയ്ദ്പൂർ, നിൽഫമാരി, കുഷ്തിയ എന്നിവിടങ്ങളിലും നാശനഷ്ടങ്ങളും തീവയ്പ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പോലും ബംഗ്ലാദേശിന് ഊർജ്ജ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് ധനമന്ത്രി അമീർ ഖുസ്രു മഹ്മൂദ് ചൗധരി തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഊർജ്ജ പ്രതിസന്ധി മറികടക്കാൻ രണ്ട് വർഷം വരെ വേണ്ടി വന്നേക്കാമെന്നാണ് മഹ്മൂദ് ചൗധരി പറയുന്നത്.

