ലഖ്നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കഴിഞ്ഞ നാല് മാസത്തിനിടെ 22 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ പക്കൽ പരിഗണനയിലുണ്ടായിരുന്ന നൂറോളം കൊലപാതക കേസുകൾ മറ്റൊരു കോടതിയിലേക്ക് മാറ്റി. മുസാഫർനഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി രവികുമാർ ദിവാകർ ആണ് 22 പേർക്ക് വധശിക്ഷ വിധിച്ചത്.
സുപ്രീം കോടതിയുടെ ഭരണപരമായ ഉത്തരവിലൂടെ 100 കേസുകൾ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ്ങിന്റെ കോടതിയിലേക്ക് മാറ്റിയത്. എല്ലാ കുറ്റവാളികൾക്കും വധശിക്ഷ വിധിച്ചതിൽ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്കകൾ പങ്കുവെച്ചതായി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു. മുസാഫർനഗറിൽ ചുമതലയേൽക്കുന്നതിനുമുമ്പ്, ബറേലിയിലെ ഒരു കോടതിയിൽ 13 വധശിക്ഷകൾ രവികുമാർ ദിവാകർ വിധിച്ചിരുന്നു.
മുസാഫർനഗറിൽ നിയമിതനായ ശേഷം ഏപ്രിൽ 6 ന് അദ്ദേഹം ആദ്യ വധശിക്ഷ വിധിച്ചു. ഒരു അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കാണ് അദ്ദേഹം വധശിക്ഷ വിധിച്ചത്. തുടർന്ന് ഏപ്രിൽ 28 ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് വധശിക്ഷ വിധിച്ചു. അതേസമയം ഇത്തരം വിധിയെ അനുകൂലിക്കുന്നവരും ഉണ്ട്.

