തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ നിർണ്ണായക വഴിത്തിരിവ് . ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ , പിന്നിൽ നിന്ന് വന്ന കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാന് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത് . ഈ കാർ പിന്നീട് നിർത്താതെ വേഗത്തിൽ പോയി. പോലീസിന് സംശയം തോന്നി, സമീപത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മലയിൻകീഴ് സ്വദേശിയായ വിപിൻ ആണ് കാർ ഓടിച്ചത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ഐടി ജീവനക്കാരായ എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. യുഎസ്ടി ഗ്ലോബൽ കമ്പനിയുടെ ടെസ്റ്റിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു നവീൻ. കിൻഫ്രയിലെ ഇവൈ കമ്പനിയുടെ അസോസിയേറ്റ് എഞ്ചിനീയറായിരുന്നു മൃദുല . വ്യാഴാഴ്ച വൈകുന്നേരം 3.30 ന് ബൈപാസിലെ തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. നഗരത്തിൽ നിന്ന് കോവളത്തേക്ക് പോകുകയായിരുന്നു ഇരുവരും . മൃദുല സംഭവസ്ഥലത്തും നവീൻ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

