കൊച്ചി: മാല മോഷണക്കുറ്റം ആരോപിച്ച് സഹോദരനും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു. പറവൂരിലെ നന്ദികുളങ്ങര സ്വദേശി ജോമോൾക്കാണ് മർദ്ദനമേറ്റത് . ആലുവ വെസ്റ്റ് പോലീസിൽ ജോമോൾ നൽകിയ പരാതിയിൽ ജെയ്സണും ഭാര്യ റെയ്നയ്ക്കുമെതിരെ പോലീസ് കേസെടുത്തു.
കുടുംബ സ്വത്ത് വിഭജിക്കുന്നതിനെച്ചൊല്ലി സഹോദരങ്ങൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. ജെയ്സൺ ജോമോളിൽ നിന്നും ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ തുക തിരികെ നൽകാൻ തയ്യാറായില്ല. പണം നൽകാതിരിക്കാൻ, വ്യാജ മോഷണ ആരോപണം ഉന്നയിച്ചുവെന്നാണ് ജോമോൾ പറയുന്നത്. തന്റെ 2.5 പവൻ സ്വർണ്ണ മാല നഷ്ടപ്പെട്ടുവെന്നും ജോമോൾ അത് മോഷ്ടിച്ചുവെന്നും ആരോപിച്ചാണ് ജെയ്സൺ സഹോദരിയെ മർദ്ദിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പൊലീസിൽ പരാതി നൽകാൻ ജോമോളും സുഹൃത്തു ചേർന്ന് വീട്ടിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് ജെയ്സണും , ഭാര്യയും ചേർന്ന് വീണ്ടുമെത്തി മർദ്ദിച്ചത്. ജെയ്സൺ ജോമോളുടെ മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിപ്പിക്കുകയും , റെയ്ന ചൂല് കൊണ്ട് മുതുകിൽ ക്രൂരമായി അടിക്കുകയുമായിരുന്നു. ജോമോളുടെ ഫോണും എറിഞ്ഞ് തകർത്തു.
ജോമോളുടെ സുഹൃത്ത് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പോലീസ് ആലങ്ങാട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ മാല കണ്ടെത്തി. എന്നാൽ ഇത് മുക്കുപണ്ടമാണെന്നും തെളിഞ്ഞു. വ്യാജ ആരോപണത്തിന്റെ പേരിലാണ് ജെയ്സൺ ജോമോളെ മർദ്ദിച്ചതെന്നും വ്യക്തമായി . ആക്രമണത്തിൽ പരിക്കേറ്റ ജോമോൾ ആശുപത്രിയിൽ ചികിത്സ തേടി.

