കൊച്ചി: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്ത് റമീസ് അറസ്റ്റിൽ. റമീസ് തന്നെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും , മതം മാറ്റാൻ നിർബന്ധിച്ചുവെന്നും പറയുന്ന സോന എൽദോസിന്റെ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നു . നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് റമീസ്.
ഇരുവരുടെയും ബന്ധം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. പറവൂരിലെ റമീസിന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം, തന്നെ മർദ്ദിച്ചതായും വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് നിർബന്ധിച്ചതായും കുറിപ്പിൽ പറയുന്നു.
‘ഇങ്ങനെ വഞ്ചിക്കപ്പെട്ട് എനിക്ക് ജീവിക്കാൻ കഴിയില്ല’ എന്ന് ആരംഭിക്കുന്ന കുറിപ്പിൽ ‘ അസാന്മാർഗ്ഗിക ഇടപാടുകളിൽ കുടുങ്ങിയതിന് പോലും ഞാൻ റമീസിനോട് ക്ഷമിച്ചു. എന്നിട്ടും , അവൻ എന്നെ സ്നേഹിക്കുന്നില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. എന്റെ കുടുംബത്തെ ഉപേക്ഷിച്ച ശേഷം ഞാൻ അവനോടൊപ്പം പോയി. പിന്നീട് അവൻ എന്നെ മതം മാറ്റാൻ നിർബന്ധിച്ചു. രജിസ്റ്റർ വിവാഹത്തിന്റെ പേരിൽ അവൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി, മതം മാറിയാൽ മാത്രമേ വിവാഹം നടത്തൂ എന്ന് അവന്റെ വീട്ടുകാരെക്കൊണ്ട് പറയിച്ചു. അവന്റെ തെറ്റുകളെക്കുറിച്ച് അവന്റെ മാതാപിതാക്കൾക്ക് അറിയാമായിരുന്നിട്ടും അവർ ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറ്റത്തിന് സമ്മതിച്ചതിനുശേഷവും, റമീസും അവന്റെ സുഹൃത്തുക്കളും കുടുംബവും എന്നോട് ക്രൂരത തുടർന്നു. എന്റെ മതം മാറിയാൽ മാത്രം പോരാ, ഞാൻ അവന്റെ വീട്ടിൽ തന്നെ താമസിക്കണമെന്ന് അവൻ എന്നോട് കർശനമായി പറഞ്ഞു. എന്റെ അച്ഛന്റെ മരണശേഷം തകർന്നുപോയ ഞാൻ, അവന്റെ കുടുംബത്തിന്റെ സമ്മർദ്ദം കാരണം മരണത്തിലേയ്ക്ക് പോകുന്നു ‘ എന്നും പറയുന്നു.
സോനയുടെ കുടുംബം നൽകിയ പരാതിയിൽ, ആത്മഹത്യാ പ്രേരണ, ഗുരുതരമായ ശാരീരിക ഉപദ്രവം എന്നീ വകുപ്പുകൾ റമീസിനെതിരെ ചുമത്തിയിട്ടുണ്ട്.

