തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണ മോഷണ വിവാദം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പ്രസിഡന്റും മുൻ വനം മന്ത്രി കെ രാജു ബോർഡ് അംഗവുമായി ചുമതലയേറ്റു. ഇന്ന് രാവിലെ 11.30 ന് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
കെ ജയകുമാറിന്റെ കാലാവധി രണ്ട് വർഷമാണ്. മന്ത്രിമാരായ വി ശിവൻകുട്ടി, വി എൻ വാസവൻ, ജി ആർ അനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവർ വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞു. വിവാദങ്ങൾക്കിടെയാണ് അവരുടെ വിടവാങ്ങൽ യോഗവും റദ്ദാക്കിയത് .
ഈ സാഹചര്യത്തിലാണ് പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്. രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള ഒരാളെ പ്രസിഡന്റായി നിയമിക്കാനുള്ള സർക്കാർ തീരുമാനമാണ് ജയകുമാറിൽ എത്തിയത് . വിരമിച്ചതിന് ശേഷം അഞ്ച് വർഷം കെ ജയകുമാർ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു.
ഐഎംജി ഡയറക്ടറായി തുടരുന്നതിനിടയിലാണ് അദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുത്തത്. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും കെ ജയകുമാർ ശ്രദ്ധേയനാണ്. കെ രാജു മുമ്പ് വനം, വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

