കൊച്ചി : ശബരിമല സ്വർണ്ണമോഷണക്കേസിൽ തന്ത്രിയെ പിന്തുണയ്ക്കുന്നവർ കർണ്ണനേയും ഭീഷ്മരേയും പറ്റി ഓർക്കണമെന്ന് ഡോ. ടി പി സെൻ കുമാർ . ദുര്യോധനൻ അധർമ്മി ആണെന്ന് മനസ്സിലാക്കിയ ശേഷവും കർണ്ണനേയും ഭീഷ്മരേയും പോലുള്ളവർ മറ്റ് ന്യായങ്ങൾ പറഞ്ഞു ദുര്യോധനനെത്തന്നെ പിന്തുണച്ചുകൊണ്ടിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ മഹാഭാരത യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. “യതോ ധർമ്മസ്തതോ ജയഃ” എന്ന് ആദ്യമായി പറഞ്ഞ കർണ്ണനു പോലും ധർമ്മത്തിന്റെ ഭാഗത്തു നിൽക്കാനായില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം….
കഥയോ ? യാഥാർഥ്യമോ ?
ഒരു കഥ സൊല്ലട്ടുമാ ?
ഒരു കൊച്ചു പാവയ്ക്കാ പോലുള്ള ഒരു രാജ്യം. അത് സ്വതന്ത്ര രാജ്യമോന്നുമല്ലോ കേട്ടോ .. പക്ഷേ അവിടെയൊരു കൊച്ചുരാജാവുണ്ട്. ചക്രവർത്തിക്കും , ദൈവത്തിനും മുകളിലാണ് താനെന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്ന … ധാർഷ്ട്യം ഹിമാലയം പോലെ കൈമുതലായുള്ള ഒരു കൊച്ചു “തമ്പുരാൻ.”
നിരീശ്വരവാദിയായ ആ രാജാവ് സ്വാഭാവികമായും ക്ഷേത്രങ്ങളിൽ ഒന്നും പോകാറില്ലായിരുന്നു. ഹിന്ദു ദൈവങ്ങളെ അദ്ദേഹത്തിന് വെറുപ്പായിരുന്നു.
ആ ധാർഷ്ട്യക്കാരൻ രാജാവിന്റെ ദേശത്തിൽ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. മലമുകളിൽ പ്രകൃതിയുടെ മടിത്തട്ടിൽ ഒരു പുണ്യ പൂങ്കാവനമായി നിലകൊണ്ട ഒരു ക്ഷേത്രം. ആ ക്ഷേത്ര ചൈതന്യം അന്യ ദേശങ്ങളിൽ നിന്നു പോലും ഭക്തരെ അവിടേയ്ക്ക് ആകർഷിച്ചിരുന്നു. ക്ഷേത്രത്തിൽ സ്വർണ്ണം കൊണ്ടുള്ള ധാരാളം നിർമ്മിതികൾ ഉണ്ടായിരുന്നു. ഭക്തർ ദേവനെക്കാണാൻ അവിടേയ്ക്ക് എത്താൻ സ്വപ്നം കാണുമ്പൊൾ , ആ സ്വർണ്ണത്തിന്റെ തിളക്കം പല “തസ്കര ഈയാൻപാറ്റകളേയും “
അങ്ങോട്ടേയ്ക്ക് ആകർഷിച്ചു.
അങ്ങനെയിരിക്കെ നിരീശ്വരവാദിയായ രാജാവിന് ഒരു ആഗ്രഹം. പ്രളയം വരുന്നതിന് മുൻപ് മലമുകളിലെ ക്ഷേത്രത്തിൽ പോയി അവിടെയുള്ള സംവിധാനങ്ങളൊക്കെ കണ്ടു പഠിച്ചു, അതങ്ങു കൈക്കലാക്കാൻ ഒരു മോഹം !
ആരോഗ്യസ്ഥിതി കാരണം നാട്ടിൽ നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന ആ രാജാവ് , മലമുകളിലെ ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. വളരെ സാഹസപ്പെട്ട് രാജാവ് ആ അമ്പലത്തിൽ വലിഞ്ഞു കയറി. അവിടെ എന്തൊക്കെ നടക്കുന്നു ? എല്ലാം വീക്ഷിക്കലും മറ്റു പല ദുരുദ്ദേശവും അദ്ദേഹത്തിനുണ്ടായിരുന്നു.. കൊച്ചുരാജാവിന്റെ കൂടെ വലിയ മന്ത്രികൂടിയുണ്ടായിരുന്നു .. കള്ളൻ രാജാവിന് കഞ്ഞിവെച്ച , താടിവെച്ച വലിയ മന്ത്രി! വലിയ മന്ത്രി ഇടയ്ക്കൊക്കെ വരും. വലിയ മന്ത്രിക്കും സ്വർണ്ണം തന്നെ നോട്ടം !
അവിടെ താൻ നിയമിച്ച വലിയ മന്ത്രിയോട് രാജാവ് ചോദിച്ചു
” ഇവിടെ നന്നായി പണം ഒഴുകുന്നു എന്നാണല്ലോ കേൾവി ? തനിക്കെന്താ പറയാനുള്ളത് “?
വലിയ മന്ത്രി പറഞ്ഞു ” ശരിയാ രാജാവെ , ഇവിടെ ധാരാളം പണം കിട്ടുന്നുണ്ട്. അത് ക്ഷേത്രത്തിന്റെ തന്ത്രിക്കും പിന്നെ മേൽശാന്തിക്കുമാണ്. അത് ഇടയ്ക്കിടയ്ക്ക് അവർ ചാക്കിൽ കെട്ടി കൊടുത്തു വിടും. അതാണ് പതിവ്.
ഇത് കേട്ട പാടേ ക്ഷുഭിതനായ രാജാവ് കൽപ്പിച്ചു
” നിന്നെ ഇവിടെ നിയമിച്ചത് എന്തിനാണെന്ന് അറിയാമോ ? അത് നീ വെറുതെ ഇരിക്കാനല്ല. അവരെ ഒതുക്കണം. അവരുടെ പണം കിട്ടുന്ന വഴി അടയ്ക്കണം. അവരെ നമ്മുടെ വഴിക്ക് വരുത്തണം. അപ്പോൾ നമ്മൾ ചെയ്യുന്ന ഒന്നിനും അവർ എതിര് നിൽക്കരുത് എന്ന് ഉറപ്പാക്കണം. “
അങ്ങനെ വലിയ മന്ത്രിക്ക് ആജ്ഞ നൽകി രാജാവ് സ്ഥലം വിട്ടു.
രാജ കല്പന പച്ചവെള്ളം പോലെ തൊണ്ട തൊടാതെ വിഴുങ്ങി ശീലമുള്ള വലിയ മന്ത്രി തല്ക്ഷണം തന്ത്രിയെ വിളിച്ചു പറഞ്ഞു
“തന്ത്രി .. നിങ്ങളുടെ ഇരിപ്പിടം മാറ്റണം ! ഒരു 100 മീറ്റർ അകലെ എങ്കിലും ആക്കണം.”
ശേഷം മന്ത്രി മേൽശാന്തിയെ വിളിച്ചു പറഞ്ഞു
” തന്റെയും ഇരിപ്പിടം മാറ്റിയേ പറ്റൂ..”
ഇരിപ്പിടം മാറ്റിയാൽ കെട്ടുകളുടെ എണ്ണം കുറയും.
ഭഗവാന്റെ മുന്നിൽ പോലും കാണിക്കാത്തത്ര ഭയ ഭക്തി ബഹുമാനത്തിൽ തന്ത്രി വിനയ കുലീനനായി മന്ത്രിയോട് അഭ്യർത്ഥിച്ചു
“അത് വേണ്ട മന്ത്രി അങ്ങൂന്നെ .. “
” അങ്ങനെ ആണെങ്കിൽ ഞാൻ പറയുന്നത് പോലെ നിൽക്കണം.” മന്ത്രി അരുൾ ചെയ്തു.
“അതുപോലെ ഞാൻ നിന്നോളാമേ ” തന്ത്രിയുടെ മറുപടി.
അങ്ങനെ നിൽക്കാമെന്ന് സമ്മതിച്ചാൽ , ഞാൻ ഇവിടെ പലതും ചെയ്യും. അതിനൊക്കെ കൂടെ നിൽക്കേണ്ടി വരും .. പലതും കണ്ടിട്ടും കണ്ടില്ലെന്ന് ഭാവിക്കേണ്ടി വരും ”
” അത് ഞാൻ നിൽക്കാമെ .. എല്ലാം അങ്ങയുടെ ആജ്ഞ പോലെ ”
അന്ന് തുടങ്ങിയതാണ് ഓരോ തരം മോഷണങ്ങൾ….സ്വർണ്ണവും പഞ്ചലോഹ നിർമിതവുമായ പല വിഗ്രഹങ്ങളും ദേശ അതിർത്തികളും കടലും കടന്നു.. ഇതിൽ നിന്നെല്ലാം രാജാവും കൂട്ടാളികളും തലമുറകളോളം ഭാവി സുരക്ഷിതമാക്കാനുള്ള ധനം സമ്പാദിച്ചു കൂട്ടി…
ഈ കഥയിൽ .. രാജാവും മന്ത്രിയും മലമുകളിലെ ക്ഷേത്രത്തിൽ നടത്തിയ മോഷണത്തിൽ കൊച്ചു രാജാവിന് മാത്രമാണോ പങ്കുള്ളത് തന്ത്രിക്ക് പങ്കില്ലേ ?
ദുര്യോധനൻ അധർമ്മി ആണെന്ന് മനസ്സിലാക്കിയ ശേഷവും കർണ്ണനേയും ഭീഷ്മരേയും പോലുള്ളവർ മറ്റ് ന്യായങ്ങൾ പറഞ്ഞു ദുര്യോധനനെത്തന്നെ പിന്തുണച്ചുകൊണ്ടിരുന്നു.
അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ മഹാഭാരത യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല.
“യതോ ധർമ്മസ്തതോ ജയഃ” എന്ന് ആദ്യമായി പറഞ്ഞ കർണ്ണനു പോലും ധർമ്മത്തിന്റെ ഭാഗത്തു നിൽക്കാനായില്ല.
ഈ കഥയിലെ തന്ത്രിയെ പിന്തുണയ്ക്കുന്നവർ കർണ്ണനേയും ഭീഷ്മരേയും പറ്റി ഓർക്കുക…
മുന്നറിയിപ്പ് : ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികമാണ്…
യാഥാർഥ്യവുമായിട്ട് ബന്ധമുള്ളതാണെന്ന് തോന്നുന്നെങ്കിൽ അത് ഭാവനയിൽ നിന്നായിരിക്കാം. അത് എന്റെ കഥയുടെ ആഖ്യാനം കൊണ്ടല്ല.

