വാഷിംഗ്ടൺ : മുസ്ലീം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക . ഈജിപ്ത്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള സംഘടനയെയാണ് ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഇസ്രായേൽ വിരുദ്ധ ഗ്രൂപ്പുകൾക്കെതിരെ അമേരിക്ക നടപടികൾ ശക്തമാക്കുകയാണ്. മുസ്ലീം ബ്രദർഹുഡിനെ കരിമ്പട്ടികയിൽ പെടുത്തുന്ന പ്രക്രിയ ആരംഭിക്കാൻ നിർദ്ദേശിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ട്രമ്പിന്റെ പുതിയ ഉത്തരവ്.
മുസ്ലീം ബ്രദർഹുഡ് ചാപ്റ്ററുകൾ എവിടെയായിരുന്നാലും അക്രമവും അസ്ഥിരതയും പരിഹരിക്കുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ആദ്യ ചുവടുവയ്പ്പുകളാണ് ഈ പ്രഖ്യാപനങ്ങൾ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു പ്രസ്താവനയിൽ പറഞ്ഞു.
‘ഭീകരതയിൽ ഏർപ്പെടുന്നതിനോ പിന്തുണയ്ക്കുന്നതിനോ ഉള്ള വിഭവങ്ങൾ മുസ്ലീം ബ്രദർഹുഡ് ചാപ്റ്ററുകൾക്ക് നിഷേധിക്കാൻ അമേരിക്ക ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും’ എന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനങ്ങളെത്തുടർന്ന്, സംഘടനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുന്നത് നിയമവിരുദ്ധമായി മാറി . അവർക്ക് യുഎസിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. കൂടാതെ, വരുമാനം തടയുന്നതിന് വിവിധ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
1928-ൽ ഈജിപ്ഷ്യൻ മുസ്ലീം പണ്ഡിതനായ ഹസ്സൻ അൽ-ബത്രയാണ് ബ്രദർഹുഡ് സംഘടന സ്ഥാപിച്ചത്. സമാധാനപരമായ രാഷ്ട്രീയ പങ്കാളിത്തത്തിന് പ്രതിബദ്ധത പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഉൾപ്പെടെ, മിഡിൽ ഈസ്റ്റിലുടനീളം മുസ്ലീം ബ്രദർഹുഡിന് നിരവധി ശാഖകളുണ്ട്.
ഈജിപ്ത് മുസ്ലീം ബ്രദർഹുഡിനെ നിയമവിരുദ്ധമാക്കിയിട്ടുണ്ട്. 2013 മുതൽ, ഗ്രൂപ്പിന്റെ നേതാക്കൾക്കും അംഗങ്ങൾക്കുമെതിരെ വൻതോതിലുള്ള അടിച്ചമർത്തൽ ആരംഭിച്ചിരുന്നു.

