ന്യൂഡൽഹി : ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്താനുള്ള യുഎസിന്റെ നീക്കം ഇന്ത്യയ്ക്കും തിരിച്ചടിയാകുമെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ . എന്നാൽ ഈ താരിഫ് നയം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ . ഇന്ത്യയുടെ ടോപ് 50 വ്യാപാരപങ്കാളികളുടെ പട്ടികയിൽ ഇറാനില്ല.
ഓരോ വർഷം കഴിയുന്തോറും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കുറഞ്ഞ് വരികയാണ്. കോവിഡിനു മുൻപ് പ്രതിവർഷം 1,500 കോടി ഡോളറിന്റെ വ്യാപാരമുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷമിത് 160 കോടി ഡോളറായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ഇത് വീണ്ടും കുറഞ്ഞേക്കുമെന്നാണ് സൂചന . മുൻപ് ഇറാനിൽ നിന്ന് കാര്യമായി ക്രൂഡോയിൽ ഇറക്കുമതിയുണ്ടായിരുന്നു. യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെ പിന്നീടിത് കുറഞ്ഞു.
ബസ്മതി അരി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ കാര്യമായി കയറ്റിയയയ്ക്കുന്നത്. 2023–24ൽ 69 കോടി ഡോളറിന്റെയും 2024–25ൽ 75 കോടിയുടെയും അരിയാണ് കയറ്റിയയച്ചത്. ഇറാനിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്നത് യുഎഇ ആണ്, 6,800 കോടി ഡോളർ. ഇറാൻ ഇറക്കുമതി ചെയ്യുന്നതിൽ 30 ശതമാനവും യുഎഇയിൽ നിന്നാണ്. ചൈന, തുർക്കി, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയാണ് തൊട്ടുപിന്നിൽ. ഇറാന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ പങ്ക് 2.3 ശതമാനമാണ്.

