ശബരിമല : മകരവിളക്ക് ദർശനത്തിനായി ശബരിമല ഒരൊങ്ങി. മകരജ്യോതി കണ്ട് സായൂജ്യമടയാൻ ആയിരക്കണക്കിന് തീർത്ഥാടകർ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തമ്പടിച്ചിട്ടുണ്ട് . ഇന്ന് ഉച്ചയ്ക്ക് 2.45 ന് ക്ഷേത്രം തുറന്ന് മകര സംക്രമ പൂജ 3.08 ന് ആരംഭിക്കും.
തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം 5.30 ന് ശരംകുത്തിയിൽ എത്തും. വൈകുന്നേരം 6.15 ന് കൊടിമരത്തിന്റെ ചുവട്ടിൽ ഔപചാരികമായി സ്വീകരിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് ആഭരണങ്ങൾ സ്വീകരിച്ച് ശ്രീകോവിലിലേക്ക് കൊണ്ടുപോകും. വൈകുന്നേരം 6.30 ന് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും . ആകാശത്ത് മകരസംക്രമ നക്ഷത്രം ദൃശ്യമാകും. ഇന്ന് രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർത്ഥാടകർക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.
11 മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പ്രവേശനവും നിയന്ത്രിക്കപ്പെടും. മുൻകൂർ പാസുള്ള തീർത്ഥാടകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. തിരുവാഭരണത്തോടുകൂടിയ ദീപാരാധനയ്ക്ക് ശേഷം മാത്രമേ ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. 17 വരെ തിരുവാഭരണം ധരിച്ച അയ്യപ്പനെ ഭക്തർക്ക് ദർശനം നടത്താം. 18 വരെ നെയ്യഭിഷേകം നടത്തും. 18 ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്ക് ഘോഷയാത്ര ഉണ്ടായിരിക്കും. 19 ന് രാത്രി 10 ന് മാളികപ്പുറത്ത് ഗുരുതി ചടങ്ങ് നടക്കും. 19 ന് രാത്രി ക്ഷേത്രം അടയ്ക്കുന്നതുവരെ ഭക്തർക്ക് ദർശനം നടത്താം. 20-ാം തീയതി പുലർച്ചെ തിരുവാഭരണ പേടകം ഘോഷയാത്രയായി തിരികെ കൊണ്ടുപോകും. പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം ക്ഷേത്രം അടയ്ക്കും.

