തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലേയ്ക്ക് പൊങ്കാലയർപ്പിക്കാൻ എത്തിയിരിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് സ്ത്രീകളാണ്. മലയാളികളുടെ പ്രിയങ്കരികളായ താരങ്ങളും കൂട്ടത്തിലുണ്ട് . നടിമാരായ ചിപ്പി, ജലജ, സീമ ജി നായർ, ആനി എന്നിവരും വർഷങ്ങളായി ദേവിയ്ക്ക് പൊങ്കാല അർപ്പിക്കുന്നവരാണ്.
എല്ലാ തവണത്തേയും പോലെ കരമനയിലെ വീട്ടിലാണ് നടി ചിപ്പി പൊങ്കാല അർപ്പിക്കുന്നത് . ഇത്തവണത്തെ പൊങ്കാല വേളയിൽ ദേവിയോട് ഒരു പ്രത്യേക പ്രാർത്ഥന കൂടി ചിപ്പി സമർപ്പിക്കുന്നുണ്ട്. ചിപ്പിയുടെ ഭർത്താവും നിർമ്മാതാവുമായ രജപുത്ര രഞ്ജിത്ത് നിർമ്മിച്ച്, മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ‘തുടരും ‘ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ആ ചിത്രത്തിനായാണ് ഇത്തവണത്തെ പ്രത്യേക പ്രാർത്ഥനയെന്ന് ചിപ്പി പറഞ്ഞു.
‘ എന്നോട് ചോദിച്ചാൽ, അർപ്പിച്ച പൊങ്കാലയുടെ എണ്ണം എനിക്കറിയില്ല. ഇരുപത് വർഷത്തിലേറെയായി. എല്ലാ വർഷവും പൊങ്കാല അർപ്പിക്കുന്നു. ചെറുപ്പത്തിൽ തന്നെ പൊങ്കാല അർപ്പിക്കാൻ തുടങ്ങി, ഇടയ്ക്ക് ചിലത് നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, അർപ്പിക്കുന്ന പൊങ്കാലയുടെ എണ്ണം പറയാൻ കഴിയില്ല.
ഞാൻ ഓരോ തവണ വരുമ്പോഴും ആദ്യമായി വരുന്നതുപോലെ തോന്നുന്നു. ഈ വർഷം കനത്ത തിരക്കാണ് കാണുന്നത്. ക്ഷേത്രത്തിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. തുടരും എന്ന ചിത്രം ഉടൻ റിലീസ് ചെയ്യും. ഇത്തവണ ഞാൻ വന്നത് സിനിമയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനാണ്. എന്റെ ഫോണിലെ എല്ലാ ട്രോളുകളും ഞാൻ കാണാറുണ്ട്. അത് പൊങ്കാലയുടെ ഭാഗമാണ്, അതിനാൽ ഒരു പ്രശ്നവുമില്ല. അത് ആറ്റുകാലമ്മയുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ ഞാൻ സന്തോഷവതിയാണ്,’ ചിപ്പി പറഞ്ഞു.