ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് വീണ്ടും ശശി തരൂർ എംപി . രാജ്യത്ത് നിന്ന് മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ദൗത്യത്തെ പ്രശംസിച്ചാണ് ശശി തരൂർ രംഗത്തെത്തിയത് പ്രോജക്ട് സിൻഡിക്കേറ്റിൽ എഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ പ്രശംസ. മുൻപും ബിജെപി പുകഴ്ത്തുന്ന തരൂരിനെതിരെ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടും ശശി തരൂർ നിലപാടിൽ നിന്ന് പിന്മാറുന്നില്ലെന്നതാണ് വ്യക്തം.
“2013-ൽ അതിന്റെ ഉച്ചസ്ഥായിയിൽ 126 ജില്ലകളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്ന ഇന്ത്യയുടെ അക്രമാസക്തമായ മാവോയിസ്റ്റ് കലാപം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതായി തോന്നുന്നു. സങ്കീർണ്ണമായ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുള്ള സമഗ്രവും സ്ഥിരവുമായ വികസനാധിഷ്ഠിത സമീപനത്തിന്റെ ശക്തിയെ ഈ നേട്ടം സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷയും വികസനവും സംയോജിപ്പിക്കുക എന്നതാണ് മോദി സർക്കാരിന്റെ സമീപനം.
യുപിഎ സർക്കാരിന്റെ ആശയം മോദി നടപ്പിലാക്കി. സർക്കാരിന്റെ ഉരുക്കുമുഷ്ടി വികസനത്തിന്റെ ആശ്വാസകരമായ സ്പർശത്തോടൊപ്പം ഉണ്ടായിരുന്നപ്പോൾ, ദൗത്യം വിജയിച്ചു. ഇത് തുടരണം. സുരക്ഷാ മേഖലയിൽ പോലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സർക്കാർ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ആധുനിക ആയുധങ്ങൾ, മികച്ച ആശയവിനിമയ സൗകര്യങ്ങൾ, വനയുദ്ധത്തിനും കലാപത്തിനെതിരെയും പ്രത്യേക പരിശീലനം എന്നിവ നൽകിയിട്ടുണ്ട്,” തരൂർ ലേഖനത്തിൽ പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

