പത്തനംതിട്ട ; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ തനിക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകുന്നതായി അതിജീവിത . ഇതുമായി ബന്ധപ്പെട്ട് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി . പത്തനംതിട്ട സ്വദേശിയായ അതിജീവിതയാണ് പരാതി നൽകിയത്. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും പരാതിയിൽ പറയുന്നു.
അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. അതേസമയം പീഡനക്കേസിൽ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതിയിൽ കൂടുതൽ പൊലീസുകാരെയാണ് വിന്യാസിപ്പിച്ചിരിക്കുന്നത്. വൻ പോലീസ് അകമ്പടിയിലായിരിക്കും ജയിലിൽ നിന്ന് രാഹുലിനെ കോടതിയിലേക്ക് എത്തിക്കുക. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് കോടതിയിലേക്ക് ഏകദേശം 21 കിലോമീറ്റർ ദൂരമാണുള്ളത്. ജയിലിനു മുന്നിൽ DYFI പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്.
രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്നാണ് കോടതിയുടെ നിലപാട്.
ശാസ്ത്രീയ – സാഹചര്യ തെളിവുകള്‍ അടക്കം ശേഖരിക്കേണ്ടത് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വേണ്ടി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കൃത്യം നടന്ന ഹോട്ടലിലും രാഹുലിന്റെ ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്തെങ്കിലും രാഹുല്‍ പൂര്‍ണമായി സഹകരിച്ചിരുന്നില്ല.
ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടുകയെങ്കിലും പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം ജാമ്യാപേക്ഷയില്‍ വാദം തുടര്‍ന്നാല്‍ മതി എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം.

