മുംബൈ ; ജനുവരി 15 ന് നടക്കാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പ് മറാത്തി ജനതയ്ക്കു വേണ്ടിയുള്ള പോരാട്ടമല്ലെന്നും, താക്കറെ സഹോദരന്മാരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിനിടെ ശിവാജി പാർക്കിൽ നടന്ന മഹായുതി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് .
‘ മുംബൈ മഹാരാഷ്ട്രയുടെ അവിഭാജ്യ ഘടകമാണ്. ഒരു ശക്തിക്കും അതിനെ വേർപെടുത്താൻ കഴിയില്ല.ഈ തിരഞ്ഞെടുപ്പ് മുംബൈയെക്കുറിച്ചോ മറാത്തി സ്വത്വത്തെക്കുറിച്ചോ അല്ല, മറിച്ച് ഇപ്പോൾ ഒന്നിച്ചിരിക്കുന്ന നേതാക്കളുടെ ഭാവിയെക്കുറിച്ചാണ് ചോദ്യമുയർത്തുന്നത്.ഇവിടെ അവർക്ക് പ്രധാനം മറാത്തികളല്ല, മറിച്ച് താക്കറെ സഹോദരന്മാരുടെ നിലനിൽപ്പാണ് . 74,000 കോടി രൂപയുടെ ബജറ്റുള്ള രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടമാണിത്.
മുംബൈയിൽ മഹായുതിക്ക് മാത്രമേ മേയർ ഉണ്ടാകൂ. ഹിന്ദി നിർബന്ധമാക്കാനുള്ള തീരുമാനമെടുത്തതും ധാരാവി പുനർവികസന പദ്ധതി നിർത്തിവച്ചതും മഹാ വികാസ് അഘാഡി സർക്കാരാണ് .ഇപ്പോൾ സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും സംയുക്തമായാണ് ഈ പദ്ധതി പിന്തുടരുന്നത്.മഹാരാഷ്ട്രയിൽ മറാത്തി മാത്രമാണ് നിർബന്ധിത ഭാഷയെന്നും“ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാർട്ടികളും പരമാവധി പരിശ്രമിക്കുകയാണ്. ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) പ്രസിഡന്റ് രാജ് താക്കറെയും ജനുവരി 11 ന് മുംബൈയിൽ സംയുക്ത റാലി നടത്തി.റാലിയിൽ, ബിജെപിയുടെ “ഹിന്ദുത്വ”ത്തെ ആക്രമിച്ച ഇരു നേതാക്കളും മുംബൈയിൽ ഉയർന്നുവരുന്ന ഭീഷണിയാണ് തങ്ങളെ രാഷ്ട്രീയമായി ഒന്നിപ്പിച്ചതെന്നും പറഞ്ഞു

