തിരുവനന്തപുരം : കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ . ‘ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം സുതാര്യമായ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ സംഘത്തിന് മേൽ യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല. പൂർണ്ണ സ്വാതന്ത്ര്യത്തോടെയാണ് അന്വേഷണം നടക്കുന്നത് . കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുകയും ചെയ്യും ‘ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയെ ഇന്ന് രാവിലെ ആറ്റിങ്ങലിലെ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു . തുടർന്ന് അദ്ദേഹത്തെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പ്രതികരിക്കാൻ തയ്യാറായില്ല. സ്വർണ്ണമല്ല , ശബരിമലയിൽ നിന്ന് എന്ത് നഷ്ടപ്പെട്ടാലും ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ്ണ മോഷണത്തെക്കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് തനിക്ക് പ്രത്യേകമായി ഒന്നും പറയാനില്ലെന്നും ഏതെങ്കിലും ഘട്ടത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിൽ അപ്പോൾ പറയാമെന്നും മന്ത്രി പ്രതികരിച്ചു.

