തിരുവനന്തപുരം: നെയ്യാർ ഡാമിൽ നിന്ന് കാണാതായ 61 കാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു . തിരുനെൽവേലിയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുനെൽവേലി സ്വദേശി ലിബിൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു .
പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നെയ്യാർ ഡാം പോലീസിൽ പരാതി നൽകിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീ പതിവായി പള്ളിയിൽ പോകാറുണ്ടായിരുന്നു, പോലീസ് നടത്തിയ അന്വേഷണത്തിൽ അവർ വർക്കലയിലേക്ക് പോയതായി കണ്ടെത്തി. എന്നാൽ, പിന്നീട് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവരുടെ മൃതദേഹം തിരുനെൽവേലിയിലെ ഒഴിഞ്ഞ പറമ്പിൽ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു . വിവരമറിഞ്ഞ് പോലീസ് എത്തി മൃതദേഹം നെയ്യാർ ഡാം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
പിന്നീട് വിവരം കേരള പോലീസിന് കൈമാറി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. സ്ത്രീ കൊല്ലപ്പെട്ട ദിവസം ബസ് സ്റ്റാൻഡിൽ ഇറക്കാമെന്ന് പറഞ്ഞ് പ്രതി ലിബിൻ രാജ് ലിഫ്റ്റ് നൽകിയതായും തുടർന്ന് ആളൊഴിഞ്ഞ വയലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. സ്ത്രീ നിലവിളിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

