കൊച്ചി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി . . വിഷയത്തിൽ പ്രതികരിക്കാത്തതിനും കുടുംബത്തെ സന്ദർശിക്കാത്തതിനും സുരേഷ് ഗോപിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചത്.
കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ് സുരേഷ് ഗോപി പ്രീതി മേരിയുടെ വീട് സന്ദർശിച്ചത്. പ്രീതി മേരിയുടെ കുടുംബവുമായി അദ്ദേഹം സംസാരിച്ചു. സുരേഷ് ഗോപി തങ്ങളെ പിന്തുണച്ചിരുന്നുവെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചെങ്കിലും പ്രീതി മേരി ഇപ്പോഴും ഛത്തീസ്ഗഢിലാണ്. അവരുടെ മാതാപിതാക്കളും സഹോദരനുമാണ് അങ്കമാലിയിലെ വീട്ടിൽ ഉള്ളത്.
ജൂലൈ 25 നാണ് അസീസിയുടെ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് അംഗമായ സിസ്റ്റർ പ്രീതി മേരി, തലശ്ശേരിയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ മതപരിവർത്തനം അടക്കം ചുമത്തി അറസ്റ്റ് ചെയ്തത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ, വീട്ടുജോലിക്ക് മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്.
കന്യാസ്ത്രീകൾക്കെതിരെ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ദുർഗ് ജയിലിലടച്ചു. അറസ്റ്റിലായ ഒൻപത് ദിവസത്തിന് ശേഷമാണ് ഇരുവരെയും ദുർഗ് ജയിലിൽ നിന്ന് മോചിപ്പിച്ചത്.

