ന്യൂഡൽഹി : ശബരിമല സ്വർണ്ണ മോഷണ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിശ്വാസിയാണെന്ന് അവകാശപ്പെട്ട് ജാമ്യാപേക്ഷ നൽകിയ അദ്ദേഹത്തോട് ഭഗവാന്റെ മുതൽ മോഷ്ടിക്കുകയാണോ എന്നാണ് ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ചോദിച്ചത് .
തിരുവാഭരണം കമ്മീഷണർ അല്ല താൻ എന്നും , 77 ദിവസം ആയി കസ്റ്റഡിയിൽ ആണെന്നും എൻ വാസു പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു . ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമർശത്തിന് താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ മറുപടി.
സ്വർണ്ണപ്പാളികളിൽ വീണ്ടും സ്വർണ്ണം പൂശിയത് എന്തിനെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കവർച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എൻ വാസുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാനും നിർദേശിച്ചു.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത് . ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീൽ. അന്വേഷണവുമായി താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ തന്നെ കൂടുതൽ നാൾ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാസുവിന്റെ വാദം.

