തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. മൂന്നു ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്.
തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് .
24 മണിക്കൂറിൽ 64. 5 മി. മീ മുതൽ 115. 5 മി. മീ വരെ മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യത എന്നാണ് അറിയിപ്പ്.
അതേസമയം, പകൽ സമയത്തെ താപനിലയിൽ മാറ്റമില്ലാതെ കനത്ത ചൂട് തുടരുകയാണ്. ഈ സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശവും ഉണ്ട് . രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങരുതെന്നും, സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് തടയണമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശം.