മുംബൈ : കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503 ആണ് അപകടത്തിൽപ്പെട്ടത് . തീപിടുത്തത്തെ തുടർന്ന് കപ്പലിലെ 50 കണ്ടെയ്നറുകൾ കടലിൽ വീണു. കേരള തീരത്ത് കോഴിക്കോടിനും കണ്ണൂരിനും ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് സംഭവം.
ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് 40 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് അപകടം. 650-ലധികം കണ്ടെയ്നറുകൾ കപ്പലിലുണ്ടായിരുന്നു. 40 ജീവനക്കാരിൽ 18 പേർ തീയിൽ നിന്ന് രക്ഷപ്പെടാൻ കടലിലേക്ക് ചാടി. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡും നാവികസേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ബേപ്പൂരിൽ നിന്ന് ഒരു സംഘം എത്തുമെന്നും റിപ്പോർട്ട് ഉണ്ട് . ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും ഇതിനകം രക്ഷാപ്രവർത്തനത്തിലുണ്ട്. കപ്പലിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായും പറയപ്പെടുന്നു.
കപ്പലിൽ ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്ലൻഡ് പൗരൻമാർ. ജീവനക്കാരിൽ ഏറെയും ചൈന, മ്യാൻമർ പൗരന്മാരാണ്. പൊള്ളലേറ്റ ജീവനക്കാരെ എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചു ചികിത്സ നൽകാനുള്ള ശ്രമമാണ് നടത്തുന്നത്

