കാസർകോട് : ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് പൂച്ചക്കാടാണ് സംഭവം. നബിദിനാഘോഷത്തിന് ശേഷം ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നബിദിനാഘോഷത്തിന്റെ ഭാഗമായി പള്ളി കമ്മിറ്റി ഭക്ഷണം ഒരുക്കിയിരുന്നു. എന്നാൽ ഭക്ഷണം തീർന്നതോടെ അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് 15 ഷവർമകൾ വാങ്ങി. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ . 14 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ നാലുപേരെ കാഞ്ഞഞ്ഞാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് പേർ നിരീക്ഷണത്തിലാണ്.
13 പേരും പെൺകുട്ടികളാണ്. ഷവർമയ്ക്ക് പഴയ മാംസം ഉപയോഗിച്ചതായി ഹോട്ടൽ മാനേജ്മെന്റ് സമ്മതിച്ചതായി പള്ളി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

