കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെ അദ്ദേഹം കസ്റ്റഡിയിൽ തുടരും. രഞ്ജിത്തിന്റെ സെറ്റിൽ നിന്ന് ആളുകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും കൂടിയാണ് പോലീസ് രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
രഞ്ജിത്തിന്റെ മുൻ അഭിഭാഷകൻ പിന്മാറിയതിനെത്തുടർന്ന് പുതിയതായി മുതിർന്ന അഭിഭാഷകൻ എസ് രാജീവ് ഹാജരായി. രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ, കുറ്റകൃത്യം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. കൊച്ചിയിലെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നെങ്കിലും, പ്രൊഡക്ഷൻ വാറണ്ട് തയ്യാറാക്കാത്തതിനാൽ അത് മാറ്റിവച്ചു.
അറസ്റ്റിനുശേഷം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനാൽ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യാൻ പോലീസിന് ആദ്യം കഴിഞ്ഞില്ല. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ശനിയാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിവസങ്ങളിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി, സംഭവദിവസം സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നവരെ പോലീസ് വിളിച്ചുവരുത്തും. ഇവരിൽ പലരും നിലവിൽ കേരളത്തിന് പുറത്താണെന്നും മുംബൈയിലാണെന്നും റിപ്പോർട്ട് ഉണ്ട്, ഉടൻ കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 28 ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വെച്ച് ശാരീരികമായി ആക്രമിച്ചു, ചുംബിക്കാൻ ശ്രമിച്ചു എന്നാണ് യുവ നടിയുടെ പരാതി. തൊടുപുഴ-പുളിയൻമല റൂട്ടിൽ മുട്ടത്തിന് സമീപം തന്റെ കാർ തടഞ്ഞുനിർത്തി തൊടുപുഴ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടി ഡിജിപിക്കും കൊച്ചി സെൻട്രൽ പോലീസിനും പരാതി നൽകിയിരുന്നു.

