തിരുവല്ല : കേരളത്തിൽ വലിയ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.. എൽ.ഡി.എഫ്. സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞുവെന്നും തിരുവല്ലയിൽ നടന്ന എൻ.ഡി.എ. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരും. തിരുവല്ലയെ വികസനത്തിന്റെ നഗരമാക്കി മാറ്റും. വ്യവസായങ്ങൾക്ക് നല്ല സാധ്യതയുള്ള സ്ഥലമാണ് കേരളം. എന്നാൽ, ഇവിടെ വികസനമുണ്ടാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നില്ല. കേരളത്തിന്റെ വികസനത്തിനായി കഴിയാവുന്നതെല്ലാം കേന്ദ്രം ചെയ്യുന്നുണ്ട്. യു.പി.എ. സർക്കാർ നൽകുന്നതിന്റെ അഞ്ചിരട്ടി എൻ.ഡി.എ. സർക്കാർ കേരളത്തിനായി നൽകി.
കൂടുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എൻ.ഡി.എ. സർക്കാരാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബി.ജെ.പി.യാണ് . കേരളത്തിലെ ഗ്രാമീണ റോഡുകൾ മോശം അവസ്ഥയിലാണ്. പി.എം.എ.വൈ. വഴി നിരവധി പേർക്ക് വീട് നൽകി. 13,000 കോടി രൂപ കർഷകർക്ക് സഹായമായി നൽകിയതായും“ അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ മോദി, റോഡ് മാർഗം സഞ്ചരിച്ചാണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. വഴിയിലുടനീളം വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിൽ അദ്ദേഹത്തെ സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടാംതവണയാണ് മോദി കേരളത്തിലെത്തുന്നത്. നേരത്തേ പാലക്കാട്ടും തൃശ്ശൂരും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.

