ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയിൽ എൽപിജി പ്രതിസന്ധി ഉന്നയിക്കുകയാണ് കോൺഗ്രസും, പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും.
ഈ വിഷയം കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ പിളർപ്പിനും കാരണമായിട്ടുണ്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെയും വിദേശനയത്തെയും നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുമ്പോൾ, പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കൾ സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ചുവരികയാണ്.
കമൽ നാഥ്, ആനന്ദ് ശർമ്മ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയ പ്രമുഖ നേതാക്കൾ കേന്ദ്രസർക്കാരിനെ പ്രശംസിച്ചിട്ടുണ്ട്. ഇവരുടെ പ്രസ്താവനകൾ കോൺഗ്രസിനെ സമ്മർദ്ധത്തിലാക്കിയിട്ടുമുണ്ട്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ വിദേശനയത്തെ “വിട്ടുവീഴ്ച ചെയ്യുന്ന നടപടി “ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. അതേസമയം നയതന്ത്രതലത്തിലും സ്വന്തം നിലപാട് ഉയർത്തിക്കാട്ടിയ എംപി ശശി തരൂർ മോദി സർക്കാരിന്റെ നയത്തെ “ഉത്തരവാദിത്തമുള്ള രാഷ്ട്രതന്ത്രം” എന്നാണ് വിശേഷിപ്പിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെ അപലപിക്കാൻ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മയും കമൽനാഥും സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഒരു വാർത്താ ചാനലിൽ സംസാരിച്ച കോൺഗ്രസ് എംപി മനീഷ് തിവാരി “സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത്.” എന്നാണ് പറഞ്ഞത്.
അപകടഘട്ടങ്ങളിൽ നിന്ന് ഇന്ത്യ വിജയകരമായി പ്രതിസന്ധികൾ തരണം ചെയ്തുവെന്ന് മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മയും ‘എക്സിൽ’ കുറിച്ചു . ദേശീയ താൽപ്പര്യത്തിൽ അധിഷ്ഠിതമായ പക്വമായ പ്രതികരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആനന്ദ് ശർമ്മ പറഞ്ഞു.എൽപിജി ക്ഷാമം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന രാഹുലിന്റെ നിലപാടിനെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും തള്ളി . “അത്തരമൊരു ക്ഷാമമില്ല. ക്ഷാമം നിലനിൽക്കുന്നുണ്ടെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്” കമൽ നാഥ് അഭിപ്രായപ്പെട്ടു.
‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തും കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമായിരുന്നു . . ആ സമയത്ത്, സർക്കാരിന്റെ നടപടികളെക്കുറിച്ച് രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അപ്പോഴും, ശശി തരൂരും മനീഷ് തിവാരിയും പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ സായുധ സേനയുടെ വീര്യത്തിനും സർക്കാരിന്റെ തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം മുതിർന്ന നേതാക്കളുടെ പ്രസ്തവന പുറത്ത് വന്നതോടെ രാഹുൽ ഗാന്ധി “അവസരവാദിയായ” നേതാവാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് നന്നായി അറിയാമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

