പാലക്കാട് ; കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപിക ആശയെയും ഹെഡ്മിസ്ട്രസ് ലിസിയെയും സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ് . ഡിഇഒയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ക്ലാസ് അധ്യാപിക ആശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. മാത്രമല്ല കുട്ടിയുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തി ഹെഡ്മിസ്ട്രസ് ലിസി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പല്ലൻ ചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ തൂങ്ങി മരിച്ചത് . വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ അർജുൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വിദ്യാർത്ഥികൾ സ്കൂളിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് എഇഒയും ഡിഇഒയും എത്തി കുട്ടികളോട് ഇക്കാര്യം അന്വേഷിച്ചു. ഇതിനുശേഷമാണ് അന്വേഷണവിധേയമായി അധ്യാപകരെ സസ്പെൻഡ് ചെയ്തത്. അവർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചു. അധ്യാപികയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും, ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കളും ആരോപിച്ചിരുന്നു. ഒന്നരവർഷം ജയിലിൽ കിടത്തുമെന്നായിരുന്നു അധ്യാപികയുടെ ഭീഷണി. അധ്യാപികയ്ക്കെതിരെ കുഴൽമന്ദം സ്റ്റേഷനിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

